
രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ പൊൻകുന്നത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവറും വർക്ഷോപ്പ് ജീവനക്കാരനും അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി അരവിന്ദ് ചിറക്കടവ് മൂങ്ങാത്ര സ്വദേശി അഖിൽ സാബു എന്നിവരാണ് അറസ്റ്റിലായത്.
15 വയസ്സുള്ള പെൺകുട്ടിയെ സ്കൂളിൽ പോകുന്ന സമയത്ത് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോവുകയും ഫോട്ടോയെടുത്ത ശേഷം പിന്നീട് ഭീക്ഷണിപ്പെടുത്തി വീട്ടിലെത്തി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഓട്ടോറിക്ഷ ഡ്രൈവറായ കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി അരവിന്ദ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫോണിൽ വന്ന മെസജുകൾ ശ്രദ്ധിച്ച വീട്ടുകാർ ഇത് ചോദ്യം ചെയ്തിരുന്നു.
തുടർന്ന് പെൺകുട്ടി വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ നടത്തിയ കൗൺസിലിംഗിനിടെ പീഡനവിവരം പുറത്ത് പറയുകയുമായിരുന്നു.17 വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിലാണ് വർക് ഷോപ്പ് ജീവനക്കാരനായ ചിറക്കടവ് സ്വദേശി അഖിൽ സാബുവിനെ അറസ്റ്റ് ചെയ്തത്.
രണ്ട് വർഷമായി പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി അഖിലിന് പരിചയമുണ്ടായിരുന്നു. ശാരിരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണന്ന വിവരം അറിയുന്നത്. തുടർന്ന് കൗൺസിലിംഗിന് വിധേയയാക്കിയതോടെ അഖിലിന്റെ പേര് പറയുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊൻകുന്നം എസ് എച്ച് ഒ എൻ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരു കേസുകളിലെ പ്രതികളെയും അറസ്റ്റ് ചെയ്തത്.
