
സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം കുതിക്കുന്നു. ആറുവര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമാണ്. ഇതില്‍ രണ്ടുലക്ഷത്തോളം പേര്‍ക്ക് ഏഴുമാസത്തിനിടയ്ക്കാണ് കടിയേറ്റത്. 20 പേര്‍ മരിച്ചു. ആറുവര്‍ഷത്തിനിടെ പേവിഷ പ്രതിരോധ മരുന്നിന്റെ ഉപയോഗം 109 ശതമാനം വര്‍ധിച്ചെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍. വന്ധ്യംകരണ, പുനരധിവാസ പദ്ധതികള്‍ പാളിയതാണ് തെരുവുനായ്ക്കളുടെ പെരുകലിന് കാരണം. കോവിഡ് കാലത്ത് അരുമമൃഗങ്ങളെ വളര്‍ത്തുന്നത് വര്‍ധിച്ചതോടെ വീട്ടകകങ്ങളില്‍ നിന്ന് കടിയേല്‍ക്കുന്നതും കൂടി.
ശിലുവമ്മയെ ഒാര്‍മ്മയുണ്ടോ? അഞ്ചുവര്‍ഷം മുമ്പ് തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറിക്കൊന്ന സ്ത്രീ. തൊട്ടപ്പുറത്തെ വീട്ടില്‍ അച്ഛമ്മയുടെ തോളില്‍ നിന്നിറങ്ങാതെയിരിക്കുകയാണ് ഡാനിയേല്‍ എന്ന നാലുവയസുകാരന്‍. ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞുകൈകള്‍ തെരുവുനായ കടിച്ചുമുറിച്ചതിന്റെ ഞെട്ടലിലാണ്. സ്കൂള്‍ വിട്ടുവന്നപ്പോള്‍ നായകടിച്ച നാദിറിന് കുത്തിവയ്പിന്റെ വേദനയാണോര്‍മ. കാലില്‍ ഗുരുതരമായ പരുക്കേറ്റ ഭുവനചന്ദ്രന് മൂന്നാഴ്ചയായി ശരിക്കും നടക്കാനായിട്ടില്ല. കൂലിപ്പണി മുടങ്ങി.
7 മാസത്തിനിടെ നായകടിയേറ്റ 1, 83, 931 പേരില്‍ ചിലരുടെ മാത്രം അനുഭവമാണിത്. ജൂലൈയില്‍ മാത്രം 38,666 പേര്‍ക്കാണ് നായ കടിയേറ്റത്. തിരുവന്തപുരം, പാലക്കാട് ജില്ലകളിലാണ് ആക്രമണം കൂടുതല്‍. 2016 നെ അപേക്ഷിച്ച് 2022ല്‍ പേവിഷ പ്രതിരോധ വാക്സീന്‍ ഉപയോഗത്തില്‍ 57 ശതമാനവും പേവിഷ പ്രതിരോധ സീറം ഉപയോഗത്തില്‍ 109% ശതമാനവും വര്‍ധനയുണ്ട്.
