
ആദ്യത്തെ സാലറി അബദ്ധത്തിൽ അയച്ചത് അപരിചിതന്, തിരികെ തരില്ല ചാരിറ്റിക്ക് നൽകിയതായി കരുതിക്കോ എന്ന് അയാൾ
ശേഷം അവൾ അമ്മയ്ക്ക് രസീതിന്റെ ചിത്രം അയച്ച് കൊടുത്തു. അമ്മയാണ് ചോദിക്കുന്നത്, തനിക്ക് അങ്ങനെ ഒരു പണം കിട്ടിയിട്ടില്ല. ആർക്കാണ് അവൾ ആ പണം അയച്ച് കൊടുത്തത് എന്ന്
ആദ്യത്തെ സാലറി എല്ലാവർക്കും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് പലരും പലതും ചെയ്യും. ചിലപ്പോൾ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ വാങ്ങി നൽകും. ചിലർ അവനവന് വേണ്ടതെന്തെങ്കിലും വാങ്ങും. മാതാപിതാക്കൾക്ക് ആ പണം നൽകുന്നവരും ഉണ്ട്.
ഇവിടെ ഒരു മലേഷ്യൻ യുവതി തനിക്ക് ആദ്യത്തെ സാലറി കിട്ടിയപ്പോൾ അത് സർപ്രൈസായി തന്റെ അമ്മയ്ക്ക് അയച്ച് കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ, അബദ്ധത്തിൽ അവൾ പണം മുഴുവനും അയച്ചത് വേറെ ഏതോ അക്കൗണ്ട് നമ്പറിലേക്കാണ്.
ഒരു ടിക്ടോക്ക് വീഡിയോയിൽ ഫഹദ ബിസ്താരി എന്ന യുവതി തന്റെ അനുഭവം വിവരിച്ചു, ‘എനിക്ക് ഇന്ന് എന്റെ ആദ്യത്തെ സാലറി കിട്ടി. അത് ഒരുപാടൊന്നും ഇല്ല. ഞാൻ വളരെ കുറച്ച് ദിവസമേ ജോലി ചെയ്തിട്ടുള്ളൂ. ആ പണം ഞാൻ എന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു. ആ വലിയ കഥ ഞാൻ ചുരുക്കി പറയാം. ഞാൻ അബദ്ധത്തിൽ പണം അയച്ചു കൊടുത്തത് ഏതോ ഒരു അപരിചിതന് ആണ്.’
നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ആദ്യത്തെ സാലറി കിട്ടിയതിന്റെ അതിയായ സന്തോഷത്തിലായിരുന്നു ഫഹദ. ആദ്യത്തെ പണം തന്നെ അമ്മയ്ക്ക് അയച്ചു കൊടുക്കണം എന്നത് അവളുടെ ആഗ്രഹമായിരുന്നു. എന്നാൽ, ആ അമിതാഹ്ലാദത്തിൽ അക്കൗണ്ട് നമ്പർ ശരിക്ക് ചെക്ക് ചെയ്തില്ല.
ശേഷം അവൾ അമ്മയ്ക്ക് രസീതിന്റെ ചിത്രം അയച്ച് കൊടുത്തു. അമ്മയാണ് ചോദിക്കുന്നത്, തനിക്ക് അങ്ങനെ ഒരു പണം കിട്ടിയിട്ടില്ല. ആർക്കാണ് അവൾ ആ പണം അയച്ച് കൊടുത്തത് എന്ന്. അങ്ങനെ അമ്മ അവൾക്ക് ആ പണം കിട്ടിയയാളുടെ ഫോൺ നമ്പർ നൽകി. അവൾ അയാളെ വിളിച്ചു. എന്നാൽ, അയാളുടെ മറുപടി വേറൊന്നായിരുന്നു. ആ പണം തിരികെ നൽകില്ല എന്നും അത് ഏതെങ്കിലും ചാരിറ്റിക്ക് നൽകിയതായി കരുതിക്കൊള്ളാനുമാണ് അയാൾ അവളോട് പറഞ്ഞത്.
കരഞ്ഞു കൊണ്ടാണ് ഫഹദ ഈ സംഭവങ്ങളെല്ലാം വിവരിച്ചിരിക്കുന്നത്. ഏതായാലും പിറ്റേ ദിവസം അയാൾ അവൾക്ക് ആ പണം തിരികെ കൊടുത്തു. അതിന് മുമ്പ് അവൾ ആ പണത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു കൊണ്ട് അയാൾക്ക് ഒരു നീണ്ട മെസേജ് തന്നെ അയച്ചിരുന്നു. ഏതായാലും ഒരുപാട് നാടകീയ സംഭവങ്ങൾക്ക് ശേഷം ഫഹദയ്ക്ക് തന്റെ പണം തിരികെ കിട്ടി.
