
പുലർച്ചെ വീട്ടിൽ കയറി സ്വർണാഭരണങ്ങൾ കവരാൻ ശ്രമിച്ച കള്ളനെ വീട്ടുകാരും നാട്ടുകാരും ചേർന്നു പിടികൂടി പൊലീസിനെ ഏൽപിച്ചു. പിടികൂടിയ മോഷ്ടാവ്‍ പാലക്കാട് ജില്ലയിൽ ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയായ ചെർപ്പുളശ്ശേരി ഏഴുവൻഞ്ചിറ ചക്കിങ്ങൽത്തൊടി നൗഷാദ് (40) ആണെന്ന് പൊലീസ് പറഞ്ഞു. അതിഞ്ഞാൽ പടിഞ്ഞാറ് ഇട്ടമ്മൽ ബദർ മസ്ജിദിന് സമീപം താമസിക്കുന്ന ജലാൽ മൊയ്‌തീന്റെ വീട്ടിൽ ആണ് ഇന്നലെ പുലർച്ചെ 3.30ന് ഇയാൾ മോഷണത്തിനായി കയറിയത്.
മൊയ്‌തീന്റെ മകളുടെയും ഭാര്യയുടെയും കാലിലെ പാദസരം ഊരി എടുക്കുന്നതിനിടെ മകൾ ഞെട്ടി എണീക്കുകയും ബഹളം വയ്ക്കു കയായിരുന്നു. ബഹളം കേട്ട് മൊയ്തീനും മക്കളായ ജൈഹാനും ജൈശാനും ഉണർന്നു. വീട്ടുകാർ അറിഞ്ഞതോടെ വീടിന് പുറത്തേക്ക് ഓടിയ മോഷ്ടാവിനെ മൊയ്‌തീനും മക്കളും ചേർന്നു ഒരു കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണ് പിടികൂടിയത്. സംഭവം അറിഞ്ഞ് എത്തിയ അയൽവാസികളും നാട്ടുകാരും ചേർന്നു മോഷ്ടാവിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
മോഷ്ടാവിന്റെ കയ്യില്‍ ഉണ്ടായ ഗ്ലൗസിൽ നിന്നാണ് 5 പവനോളം തൂക്കമുള്ള പാദസരങ്ങൾ കണ്ടെത്തിയത്. കൈവശം ഉണ്ടായിരുന്ന ബാഗിൽ ഉളി, കമ്പി പാര തുടങ്ങിയ ആയുധങ്ങളും ഉണ്ടായിരുന്നു. മോഷ്ടാവിനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സുഖം പ്രാപിച്ച ശേഷം ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച നൗഷാദ് പാലക്കാട് ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാവ് ആണെന്ന് പൊലീസ്. ഇയാളുടെ പേരിൽ പാലക്കാട് ഒന്നര കോടി വില വരുന്ന രണ്ട് ആഡംബര വീടുകൾ ഉണ്ടെന്നാണ് വിവരം. ഗ്ലൗസ് ധരിച്ച് മാത്രമേ ഇയാൾ മോഷ്ടിക്കാറുള്ളൂ. അതിനാൽ വിരലടയാളം കിട്ടില്ല. മൊബൈൽ ഫോണും ഉപയോഗിക്കാറില്ല. റെയിൽവേ സ്റ്റേഷനോട് ചേർന്നു വീടുകളിലാണ് മോഷണം.
മോഷണം നടത്തിയ ശേഷം ട്രെയ്നിൽ നാടു വിടുകയാണ് പതിവ്. പകൽ നേരങ്ങളിൽ വിഗ് ധരിച്ചാണ് യാത്ര. രാത്രികാലങ്ങളിൽ വിഗ് മാറ്റിയാണ് മോഷണം. അതിനാൽ ആളെ തിരിച്ചറിയാനും കഴിയില്ല. പാലക്കാട് ജില്ലയിൽ മാത്രം ഒട്ടേറെ മോഷണക്കേസുകൾ ഇയാൾ ക്കെതിരെ ഉണ്ടെന്ന് പൊലീസ് പറയുന്നു. മുൻപും മോഷണത്തിനിടെ ഇയാളെ നാട്ടുകാർ പിടികൂടിയിരുന്നു.

