
മലയാള സിനിമയിൽ 2000 ങ്ങളിൽ തിളങ്ങി നിന്ന നടിയാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന സിനിമയിലൂടെ സിനിമയിലെത്തിയ മീര വളരെ പെട്ടന്ന് തന്നെ മുൻനിര നായിക നടിയായി. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിന് ലഭിച്ചു. പിന്നീട് രസതന്ത്രം, അച്ചുവിന്റെ അമ്മ, സ്വപ്നക്കൂട്, ഒരേ കടൽ തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മീര മലയാളത്തിൽ തരംഗം സൃഷ്ടിച്ചു.
ഉടൻ തന്നെ മറു ഭാഷകളിലേക്കും ചേക്കേറിയ മീര അവിടെയും വിജയം ആവർത്തിച്ചു. റൺ, സണ്ടക്കോഴി തുടങ്ങിയ മീരയുടെ തമിഴ് സിനിമകൾ വലിയ ജനപ്രീതി നേടി. റൺ തെലുങ്കിലേക്ക് മാെഴി മാറ്റിയതോടെ തെലുങ്കിലും അറിയപ്പെടുന്ന നടിയായി മീര ജാസ്മിൻ മാറി.
സിനിമയിൽ നിറഞ്ഞു നിന്ന കാലത്ത് വിട പറഞ്ഞ സംവിധായകൻ ലോഹിതാദാസ് ആയിരുന്നു മീരയുടെ ഗോഡ്ഫാദർ. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ പല ആരോപണങ്ങളും ഉയരുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെയാെക്കെ മീര ജാസ്മിൻ അന്ന് തള്ളിക്കളയുകയാണുണ്ടായത്. ലോഹിതാദാസ് തന്റെ ഗുരുവാണെന്നും അദ്ദേഹത്തിന്റെ ഉപദേശം താൻ സ്വീകരിക്കാറുണ്ടെന്നും മീര ജാസ്മിൻ ആവർത്തിച്ചു. മുമ്പൊരിക്കൽ ലോഹിതാദാസിനെ പറ്റി മീര സംസാരിച്ചിരുന്നു. മനോരമയിലെ നേരെ ചൊവ്വെ പരിപാടിയിലായിരുന്നു ഇത്.
Also Read: ഗോകുൽ ഫാൻ ബോയ് മകനാണ്, ബാക്കി മൂന്ന് മക്കളും തലയിൽ കേറി നിരങ്ങും; മക്കളെക്കുറിച്ച് സുരേഷ് ഗോപി
‘ഞാൻ അഭിമാനത്തോടെ പറയും ലോഹി അങ്കിൾ എന്റെ ഗോഡ്ഫാദറാണെന്ന്. അദ്ദേഹം വഴി സിനിമയിലെത്തിയതാണ് ദൈവം എനിക്ക് വെച്ച നല്ല വിധി. നല്ലൊരു വ്യക്തി ആയിരുന്നു അദ്ദേഹം. ഓരോരുത്തർ പറയുമായിരുന്നു, വലിയൊരു ഗോഡ് ഫാദർ, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന്’
‘അതെ, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന് പറയും. ഇന്നും ഞാനങ്ങനെയേ പറയാറുള്ളൂ. എനിക്കെന്തെങ്കിലും നല്ല കാര്യങ്ങൾ വന്നാൽ ഞാൻ അദ്ദേഹത്തെ ഓർക്കും. ഇങ്ങനെയൊരു ഗുരുവും ശിഷ്യയുമുണ്ടോയെന്ന് പലരും കളിയാക്കുമായിരുന്നു. അതെ ഇങ്ങനെയും ഒരു ഗുരുവും ശിഷ്യയുമുണ്ട്’
‘സിനിമയിലെത്തുന്ന പെൺകുട്ടികൾക്ക് അപകട സാധ്യതകളുണ്ട്. പല സാഹചര്യങ്ങളിലും ഞാൻ പെട്ടിട്ടുണ്ട്. അവിടെ എനിക്ക് ശക്തി പകർന്ന് തന്നത് അങ്കിളാണ്. എന്റെയടുത്ത് അങ്കിൾ പറഞ്ഞിട്ടുണ്ട് സിനിമയിൽ വരും പെട്ടന്ന് പ്രശസ്തി കിട്ടും. നീ പല പല ഭാഷകളിൽ അഭിനയിക്കും. വലിയ മനുഷ്യൻമാരുടെ കൂടെ അഭിനയിക്കും’
‘നിനക്ക് ചിലപ്പോൾ അവർ ഡ്രിങ്ക്സ് എല്ലാം ഓഫർ ചെയ്യും. നീ ഒരിക്കലും മദ്യത്തിനോ അങ്ങനെയൊരു കാര്യത്തിനോ അടിമ ആവാൻ പാടില്ല. ആദ്യം ടെെം പാസ് പോലെ നീ മദ്യം കുടിക്കും. വലിയ ആളുകളല്ലേ എന്ന് കരുതി കമ്പനി കൊടുക്കും’
‘പക്ഷേ നാളെ നിനക്ക് വീക്ക് ആയ സമയം വരുമ്പോൾ നീ ആശ്രയിക്കാൻ പോവുന്നത് മദ്യത്തെ ആയിരിക്കും. അങ്ങനെ ജീവിതം നശിച്ച പല നടിമാരുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇങ്ങനെ പറഞ്ഞു തന്ന ആൾ ദൈവം ആണ്,’ മീര ജാസ്മിൻ പറഞ്ഞതിങ്ങനെ’
Also Read: വിവാഹശേഷം ഇവരെങ്ങനെയാവും? എല്ലാവർക്കും കണ്‍ഫ്യൂഷനാണ്! ഭാര്യയ്ക്ക് സ്വർണം കൊടുത്തിട്ടില്ലെന്ന് രവീന്ദ്രര്‍
‘ട്വന്റി ട്വന്റി സിനിമയിൽ അഭിനയിക്കാതിരുന്നതിനെ പറ്റിയും മീര അന്ന് സംസാരിച്ചു. ട്വന്റി ട്വന്റി ചെയ്യാൻ പറ്റാഞ്ഞതിൽ വിഷമം ഉണ്ട്. മനപ്പൂർവം ചെയ്യാതിരുന്നതല്ല. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു ഞാൻ മനപ്പൂർവം ചെയ്യാതിരിക്കുകയാണെന്ന്. ദിലീപേട്ടൻ ആദ്യം വിളിച്ച് ഡേറ്റ് ചോദിച്ചു. എനിക്ക് തോന്നുന്നു 2007 ലാണെന്ന്’
‘ഏതോ ഒരു ആർട്ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്നം കൊണ്ട് എന്നോട് ചോദിച്ച ഡേറ്റ് മൂന്ന് നാല് മാസം നീണ്ടു പോയി. ആ സമയത്ത് കറക്ട് ഒരു തെലുങ്ക് പ്രൊജക്ട് വന്നു. അത് പെട്ടെന്ന് റിലീസ് ചെയ്യേണ്ടതിനാൽ തീർക്കേണ്ട അവസ്ഥ ആയി. അവരുടെ പ്രഷർ വരികയും ഇപ്പുറത്ത് ഡേറ്റെല്ലാം കൺഫോം ചെയ്ത് എന്നെ വിളിക്കുകയും ചെയ്തു. തീരെ എനിക്ക് പോവാൻ പറ്റാത്ത അവസ്ഥ ആയിപ്പോയി,’ മീര ജാസ്മിൻ പറഞ്ഞതിങ്ങനെ.
