
കൊല്ലം പരവൂരില്‍ എഴുപത്തിയാറുകാരനെ ബന്ധുവായ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പൂതകുളം ഇടയാടി സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്. അയൽവാസിയും ബന്ധുവുമായ അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂതകുളം ഇടയാടി സ്വദേശി ചരുവിള പുത്തൻവീട്ടിൽ റിട്ടയര്‍ഡ് പോസ്റ്റ്മാൻ എഴുപത്തിയാറു വയസുളള ഗോപാലനാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചരുവിളവീട്ടിൽ 42 വയസുളള അനിൽകുമാറിനെ പരവൂർ പൊലീസ് പിടികൂടി. വ്യാഴാഴ്ച്ച വൈകിട്ട് 5.30 നാണ് കൊലപാതകം നടന്നത്.
ഗോപാലനും ഭാര്യ സരസ്വതിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഗോപാലന്‍ വീടിന്റെ മുറ്റത്ത് നിന്ന് ഫോൺ ചെയ്യുമ്പോള്‍ അനിൽകുമാർ പിന്നിൽ നിന്ന് വന്ന് ഗോപാലനെ കല്ല് കൊണ്ട് തലക്ക് ഇടിച്ച് വീഴ്ത്തി. നിലത്തു വീണ ഗോപാലന്റെ തലയില്‍ പിന്നീട് മരക്കമ്പ് കൊണ്ട് അടിച്ചു കൊന്നു. ഗോപാലനും അനിൽകുമാറും തമ്മിൽ മുൻപ് കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ വിരോധമാകാം കൊലപാതകത്തിലെത്തിയത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പ്രതി അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗോപാലന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
