
കിടങ്ങൂർ കട്ടച്ചിറയിൽ മദ്യലഹരിയിൽ വായോധികനെ കുത്തിക്കൊന്നു.പാലാ സ്വദേശി മാമൂട്ടിൽ കുഞ്ഞുമോനാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചാണ് സമീപാവാസിയായ രവി കൊലപാതകം നടത്തിയത്.
സമീപവാസിയായ പെരുമനയിൽ രവിയുമായി ഉണ്ടായ വാക്കുതർക്കമാണ് 65 കാരനായ കുഞ്ഞുമോന്റെ കൊലപാതകത്തിൽ കലാശിച്ചത്.ഇന്ന് കുഞ്ഞുമോന്റെ പറമ്പിൽ വിളവെടുപ്പിന്റെ ദിവസമായിരുന്നു. വ്യാഴാഴ്ച രാവിലെ കുഞ്ഞുമോൻ പാട്ടത്തിന് എടുത്ത കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ബഹളം കേട്ടയുടൻ നാട്ടുകാർ ചേർന്ന് പൊലീസിൽ അറിയിച്ചെങ്കിലും കിടങ്ങൂർ സ്റ്റേഷനിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും കൊലപാതകം നടന്നു.
സ്‌ക്രൂഡ്രൈവർ കൊണ്ട് നെഞ്ചിലാണ് കുത്തേറ്റത്.നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കുഞ്ഞുമോന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പെരുമനയിൽ രവിയെ കസ്റ്റഡിയിൽ എടുത്തു.ഇയാൾ മുൻപും പല അടിപിടി കേസുകളിലും അക്രമങ്ങളിലും പ്രതിയായിരുന്നെന്ന് കിടങ്ങൂർ പൊലീസ് പറഞ്ഞു.പ്രതിയുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
