14 കാരനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി; പിന്നാലെ പാഞ്ഞ് പൊലീസ്; 5-ാം മണിക്കൂറിൽ മോചിപ്പിച്ചു

വീട്ടിൽ അതിക്രമിച്ച് കടന്ന് 14കാരനെ തമിഴ്നാട്ടിൽ നിന്നുള്ള സംഘം തട്ടിക്കൊണ്ട് പോയി. കൊല്ലം കൊട്ടിയത്താണ് സംഭവം. കിഴവൂർ സ്വദേശി ആഷിഖിനെയാണ് തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. തടയാൻ ശ്രമിച്ച സഹോദരിയെയും അയൽവാസിയെയും സംഘാംഗങ്ങൾ അടിച്ച് വീഴ്ത്തി.

പൊലീസിൽ ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിലൂടെ രാത്രി പതിനൊന്നരയോടെ പാറശാലയിൽ വച്ച് സംഘത്തെ തടഞ്ഞ് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു.

തമിഴ്നാട് റജിസ്ട്രേഷനുള്ള കാറിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയതായി കൊല്ലം പൊലീസിൽ നിന്ന് തിരുവനന്തപുരത്തേക്കും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. രാത്രി 8.36 ആയതോടെ കാർ കഴക്കൂട്ടം കടന്നു. 8.53: കാർ പൂവാർ സ്റ്റേഷൻ പരിധിയിലെത്തി. രാത്രി 10 മണി ആയപ്പോൾ പെ‍ാലീസ് ജീപ്പ് പിന്തുടരുന്നത് കണ്ട് ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിച്ചു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. സമീപ ജംക്‌ഷനിൽ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്. പൂവാറിൽ പൊലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്നാട് അതിർത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി.

11.30: പാറശാല കോഴിവിളക്കു സമീപം പെ‍ാലീസ് ഒ‍ാട്ടോ തടഞ്ഞു. ഓട്ടോയിൽ ആഷിക്കും 2 പേരും. ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. ഒ‍ാട്ടോയിൽ അബോധാവസ്ഥയിൽ കണ്ട ആഷിഖിനെ പൊലീസ് രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ടു നിന്ന ഭയാശങ്കയ്ക്ക് അതോടെ അവസാനമായി. ഇരു ജില്ലകളിലെയും പൊലീസുകാരുടെ ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് ആഷിഖിന്റെ മോചനത്തിന് വഴി തെളിച്ചത്.

14 കാരനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി; പിന്നാലെ പാഞ്ഞ് പൊലീസ്; 5-ാം മണിക്കൂറിൽ മോചിപ്പിച്ചു

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes