
കൊല്ലം കൊട്ടിയത്ത് 14കാരനെ തട്ടിക്കൊണ്ട് പോയത് കടം വാങ്ങിയ പണം തിരികെ ലഭിക്കാനെന്ന് മൊഴി. കുട്ടിയുടെ കുടുംബം ബന്ധുവിൽനിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാതെ വന്നതോടെയാണ് നാട് നടുങ്ങിയ ക്വട്ടേഷനിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്ന് പൊലീസ് പറയുന്നു. ബന്ധുവിന്റെ മകനാണ് ക്വട്ടേഷൻ നൽകിയത്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്താണ് മകൻ പഠിക്കുന്നത്. കുട്ടിയെ മാർത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു ലക്ഷ്യം. ഒരു ലക്ഷം രൂപ നൽകിയാണ് ബന്ധുവിന്റെ മകൻ ക്വട്ടേഷൻ സംഘത്തെ കൊല്ലത്തേക്ക് എത്തിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി.
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് കാറുകളിലെത്തിയ സംഘം 14കാരനായ ആഷിക്കിനെ തട്ടിക്കൊണ്ട് പോയത്. തടയാൻ ശ്രമിച്ച സഹോദരിയെയും അയൽവാസിയെയും സംഘാംഗങ്ങൾ അടിച്ച് വീഴ്ത്തി. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചതോടെ സംസ്ഥാനമെങ്ങും സന്ദേശം പരന്നു. സമയോചിതമായ ഇടപെടലിലൂടെ രാത്രി 11.30 ഓടെ കുട്ടിയെ പൊലീസ് മോചിപ്പിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാൾ ഇന്നലെ രാത്രി തന്നെ പൊലീസിന്റെ പിടിയിലുമായി. തുടർന്നാണ് ക്വട്ടേഷൻ കഥ ചുരുളഴിഞ്ഞത്.
