
‘
അപകടകരമായ രീതിയിൽ മറികടന്ന സ്വകാര്യ ബസിനെ പിന്തുടർന്നു തടഞ്ഞുനിർത്തി കെ.സാന്ദ്ര പ്രതിഷേധിക്കുന്നു
പാലക്കാട്∙ ഇരുചക്രവാഹനത്തെ അപകടകരമായ രീതിയിൽ മറികടന്ന സ്വകാര്യ ബസിനെ ഒന്നര കിലോമീറ്ററോളം പിന്തുടർന്നു തടഞ്ഞുനിർത്തി യുവതിയുടെ ഒറ്റയാൾ പ്രതിഷേധം. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മോട്ടർവാഹന വകുപ്പ് ഡ്രൈവർക്കും കണ്ടക്ടർക്കും കാരണംകാണിക്കൽ നോട്ടിസ് നൽകി.
പാലക്കാട്ടു നിന്നു ഗുരുവായൂരിലേക്കു പോയ സ്വകാര്യ ബസാണു ചാലിശ്ശേരിയിൽ വച്ചു പെരുമണ്ണൂർ സ്വദേശി കെ.സാന്ദ്ര തടഞ്ഞത്. ബസ് മറികടന്നപ്പോൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നു സാന്ദ്ര പറഞ്ഞു. വണ്ടി തടഞ്ഞുനിർത്തി കാര്യങ്ങൾ പറയുമ്പോഴും ഡ്രൈവർ ചെവിയിൽ ഹെഡ്സെറ്റ് തിരുകി തന്നെ അവഗണിക്കുകയായിരുന്നു. യാത്രക്കാരിൽ ചുരുക്കം ചിലർ മാത്രമാണു പിന്തുണച്ചത്. ആൺകുട്ടികളെപ്പോലെ ഗുണ്ടായിസം കാണിക്കുകയാണോ എന്നു ചിലർ ചോദിച്ചു. എതിരെ ലോറി വരുമ്പോഴാണു ബസ് അമിതവേഗത്തിൽ കടന്നുപോയതെന്നു സാന്ദ്ര പറഞ്ഞു.
ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ നിന്നു ബിരുദം പൂർത്തിയാക്കിയ സാന്ദ്ര നിയമപഠനത്തിന് ഒരുങ്ങുകയാണ്. എന്നാൽ, സംഭവത്തെക്കുറിച്ചു പരാതി നൽകിയിട്ടില്ല. സാന്ദ്ര പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ കണ്ടാണു മോട്ടർവാഹന വകുപ്പ് ഡ്രൈവർക്കും കണ്ടക്ടർക്കും നോട്ടിസ് നൽകിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും തെളിവുകൾ ശേഖരിച്ച് നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, അപകടകരമായ രീതിയിൽ ബസ് ഓടിച്ചിട്ടില്ലെന്നു ഡ്രൈവർ പറഞ്ഞു. ബസിൽ ജിപിഎസും വേഗപ്പൂട്ടുമുണ്ട്. നിറയെ കുഴികളുള്ള റോഡിൽ വാഹനം ഓടിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. ഹെഡ്സെറ്റ് വച്ചിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നുവെന്നും ഡ്രൈവർ പറഞ്ഞു.
