70 വര്‍ഷം; 15 പ്രധാനമന്ത്രിമാർ; ആധുനിക ബ്രിട്ടന്റെ അധികാരകേന്ദ്രം

ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ രാജസിംഹാസനത്തിലിരുന്ന വ്യക്തിയാണ് എലിസബത്ത് രാജ്ഞി. 15 പ്രധാനമന്ത്രിമാരെ വാഴിച്ചു. പുരോഗമന നിലപാടുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നേടിയ എലിസബത്ത് രാജ്ഞി വിവാദങ്ങളെ സൗമ്യമായാണ് നേരിട്ടത്. എലിസബത്ത് അലക്സാന്‍ഡ്ര മേരി എന്ന എലിസബത്ത് 2, 1952 ഫെബ്രുവരി ആറിനാണ് ബ്രിട്ടന്റെ രാജ്ഞിയായി അധികാരമേല്‍ക്കുന്നത്. പിതാവിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് സിംഹാസനത്തിലേറുമ്പോള്‍ പ്രായം 26 വയസുമാത്രം. പിന്നീടുള്ള 70 വര്‍ഷത്തിനിടെ വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ്ട്രസ് വരെ 15 പേർ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായത് രാജ്ഞിയുടെ ആശിര്‍വാദത്തോടെ.

വ്യക്തിജീവിതത്തില്‍ കയറ്റിറക്കങ്ങള്‍ ഒരുപാടുണ്ടായെങ്കിലും രാജ കുടുംബത്തിന്റെ മഹിമ എന്നും കാത്തുസൂക്ഷിച്ചു അവര്‍. ലോകമഹായുദ്ധകാലത്ത് കുറച്ചുകാലം മാറിനിന്നെങ്കിലും പിന്നീട് യുദ്ധരംഗത്ത് നേരിട്ട് സേവനത്തിനിറങ്ങി. 1947 ലാണ് അകന്ന ബന്ധുവും ദീര്‍ഘകാല സുഹൃത്തുമായ ഫിലിപ്പ് രാജകുമാരനെ വിവാഹം കഴിക്കുന്നത്. തൊട്ടുത്ത വര്‍ഷം ചാള്‍സ് പിറന്നു. പിന്നീട് ആനി, ആന്ഡ്രൂ, എഡ്വേര്‍ഡ് എന്നിവര്‍ക്കും ജന്‍മം നല്‍കി. രാഷ്ട്രീയവും വ്യക്തിപരവുമായ കാര്യങ്ങള്‍ പൊതു വേദികളില്‍ സംസാരിക്കാന്‍ ഒരിക്കലും എലിസബത്ത് രാജ്ഞി ഇഷ്ടപ്പെട്ടിരുന്നില്ല. അതേസമയം രാജ്യത്തെ ജനാധിപത്യ ഭരണകൂടവുമായി മികച്ച ബന്ധം പുലര്‍ത്തിയ അവര്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ അധ്യക്ഷ എന്ന നിലയില്‍ വിദേശരാജ്യങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു. 1990 കളില്‍ രാജകുടുംബം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്.

1992 ല്‍ ചാള്‍സ് രാജകുമാരനും ഡയാനയും വേര്‍പിരിഞ്ഞു. മറ്റു മക്കളായ ആന്‍ഡ്ര്യൂ രാജകുമാരന്റെയും ആനിയുടെയും വിവാഹ ബന്ധങ്ങളും നീണ്ടുനിന്നില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ ഇക്കാലത്തുതന്നെയാണ് സ്വകാര്യ വരുമാനത്തിന് നികുതി നല്‍കാന്‍ എലിസബത്ത് രാജ്ഞി തയാറായത്. രാജ കൊട്ടാരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ തുറന്നുകൊടുത്ത തീരമാനവും നിര്‍ണായകമാണ്. രാജകുടുംബത്തിന്റെ ഇടിയുന്ന ജനപ്രീതി വീണ്ടെടുക്കാന്‍ ഈ തീരുമാനങ്ങളിലൂടെ സാധിച്ചു. 1997 ല്‍ ഡയാന രാജകുമാരി വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ബക്കിങ്ഹാം കൊട്ടാരത്തിലെ പതാക പാതി താഴ്ത്താന്‍ വിസമ്മതിച്ചതും മരണത്തില്‍ മൗനം പാലിച്ചതും വിമര്‍ശനത്തിന് ഇടയാക്കി. എന്നാല്‍ ചാള്‍സിന്റെയും ഡയാനയുടെയും മക്കളായ വില്യമിനും ഹാരിക്കും പ്രയിങ്കരിയായ മുത്തശ്ശിയായിരുന്നു എന്നും എലിസബത്ത് രാജ്ഞി.

2011 ല്‍ വില്യമിന്റെയും കാതറീന്‍ മിഡില്‍ടന്റഎയും വിവാഹത്തിന് നേതൃത്വം നല്‍കിയതും അവരാണ്. എന്നാല്‍ ഹാരിയും ഭാര്യ മേഗനും 2020 ല്‍ രാജപദവി ഉപേക്ഷിച്ചതും കൊട്ടാരും വിട്ട് യു.എസിലേക്ക് താമസം മാറിയതും മകന്‍ ആന്‍ഡ്ര്യൂ രാജകുമാരന്‍ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ടതും എലിസബത്ത് രാജ്ഞിയെ വേദനിപ്പിച്ചു. നിഴല്‍പോലെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ കഴഞ്ഞവര്‍ഷമാണ് അന്തരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗങ്ങള്‍ രാജ്ഞിയെ അലട്ടിയിരുന്നു. തുടര്‍ന്ന് ചുമതലകള്‍ മക്കള്‍ക്ക് വീതിച്ചുനല്‍കുകുയം ചെയി്തു. നീണ്ട 70 വര്‍ഷം രാജകുടുംബത്തെയും ബ്രിട്ടനെയും നയിച്ചശേഷമാണ് എലിസബത്ത് രാജ്ഞി വിടവാങ്ങുന്നത്.

70 വര്‍ഷം; 15 പ്രധാനമന്ത്രിമാർ; ആധുനിക ബ്രിട്ടന്റെ അധികാരകേന്ദ്രം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes