
മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഭാവന. തെന്നിന്ത്യയിലുൾപ്പടെ ധാരാളം ആരാധകരാണ് താരത്തിനുള്ളത്. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു തൃശൂർക്കാരിയായ ഭാവനയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തിലെ ഭാവനയുടെ പരിമളം എന്ന കഥാപാത്രം ശ്രദ്ധനേടിയതോടെ കൂടുതൽ അവസരങ്ങൾ ഭാവനയെ തേടിയെത്തുകയായിരുന്നു.
പിന്നീടങ്ങോട്ട് സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്. മലയാളത്തിൽ തിളങ്ങി നിൽക്കുന്നതിനിടെ അന്യാഭാഷ ചിത്രങ്ങളിൽ നിന്നും ഒരുപാട് അവസരങ്ങൾ ഭാവനയെ തേടി എത്തി. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി സജീവമായി.
എന്നാൽ വിവാഹ ശേഷം ഭാവന മലയാള സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്തിരുന്നു. കന്നഡ സിനിമാ നിർമ്മാതാവ് നവീനുമായിട്ടായിരുന്നു ഭാവനയുടെ വിവാഹം. അതിനു ശേഷം കന്നഡയിൽ ഒന്ന് രണ്ടു ചിത്രങ്ങളിൽ ഭാവന അഭിനയിച്ചെങ്കിലും മലയാളത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ മലയാളത്തിലേക്ക് ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന.
ഷറഫുദ്ദീൻ നായകനാകുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുകൂടാതെ ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തും. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗമാണ് ചിത്രത്തിലെ നായകൻ.
തിരിച്ചുവരവിന് മുന്നോടിയായി ഭാവന ഇപ്പോൾ നിരവധി അഭിമുഖങ്ങളിലും ടെലിവിഷൻ ഷോകളിലും പങ്കെടുക്കുന്നുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയുടെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കുന്ന ഭാവനയുടെ
പ്രൊമോ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അവിട്ടം ദിനത്തിൽ സംപ്രേഷണം ചെയ്യുന്ന ഓണം സ്പെഷ്യൽ എപ്പിസോഡിലാണ് ഭാവന അതിഥിയായി എത്തുന്നത്.
ഷോയിൽ നമ്മൾ എന്ന തന്റെ ആദ്യ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് താരം സംസാരിക്കുന്നുണ്ട്. ഒപ്പം ചിത്രത്തിന്റെ റിലീസിന് ശേഷമുണ്ടായ രസകരമായ അനുഭവം ഭാവന പങ്കുവയ്ക്കുന്നുണ്ട്. ആദ്യ ചിത്രത്തിൽ തന്നെ തീർത്തും വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു ഭാവന എത്തിയത്. നിറമില്ലാത്ത യുവതിയുടെ വേഷത്തിൽ അഭിനയിച്ച തന്നെ സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആർക്കും മനസിലായില്ല എന്നാണ് ഭാവന പറയുന്നത്.
‘നമ്മൾ റിലീസൊക്കെ കഴിയുമ്പോൾ പിന്നെ എനിക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല. ആളുകൾ ചുറ്റും കൂടും എന്നൊക്കെ ആയിരുന്നു ഞാൻ കരുതിയിരുന്നത്. തിയേറ്ററിൽ നിന്ന് സിനിമ കഴിഞ്ഞ് പുറത്തിറങ്ങി വന്നപ്പോൾ എല്ലാവരും കമൽ സാർ ഉൾപ്പടെയുള്ളവരോട് ഭയങ്കര സംസാരവും അഭിനന്ദിക്കലും ഒക്കെ. എന്നെ ആരും മൈൻഡ് പോലും ചെയ്യണില്ല. അപ്പോൾ എനിക്ക് വല്ലാതെ വിഷമമായി. അതിനിടെ കുറച്ചു പേര് വന്നിട്ട്, നിങ്ങളുടെ കൂടെ കറുത്തിട്ട് ഒരു കുട്ടി പരിമളം ആയിട്ട് അഭിനയിച്ചിട്ടില്ലേ. ആ കുട്ടിയെ കാണുമ്പോൾ പറയൂട്ടോ നന്നായി ചെയ്തിട്ടുണ്ടെന്ന് എന്നൊക്കെ. അപ്പോൾ ഞാൻ സൈഡിൽ നിന്നിട്ട് അത് ഞാൻ ആണെന്ന് പറഞ്ഞു,’ ഭാവന പറഞ്ഞു.
പരിപാടിയിൽ ഭാവന തന്റെ കുടുംബജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. എപ്പിസോഡിന്റെ പ്രൊമോ വീഡിയോ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിരിച്ചു വളരെ സന്തോഷവതിയായിട്ടാണ് പ്രൊമോ വീഡിയോയിൽ ഉടനീളം ഭാവനയെ കാണുന്നത്.
അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം കൂടുതൽ സമയവും ചെലവഴിക്കുന്ന ഭാവന അപൂർവമായി മാത്രമേ തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കാറുള്ളു. അതുകൊണ്ട് തന്നെ ഒരു കോടി പരിപാടിയിൽ ഭാവന എന്തെല്ലാമാണ് സംസാരിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
