കടുവക്കുഞ്ഞിനെ വില്‍ക്കാനുണ്ട്, വില 25 ലക്ഷം! ; പൂച്ചയ്ക്ക് നിറമടിച്ച് തട്ടിപ്പ്, യുവാവ് പിടിയില്‍

മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞാണെന്നും ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നൽകിയാൽ 10 ദിവസത്തിനകം പറയുന്ന സ്ഥലത്ത് എത്തിച്ചു നൽകാമെന്നും അറിയിപ്പിലുണ്ടായിരുന്നു.

മൂന്നാര്‍ : ഇടുക്കിയില്‍ പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. കടുവക്കുഞ്ഞുങ്ങൾ വിൽപനയ്ക്കുണ്ടെന്ന് വാട്ട്സ്ആപ്പിലൂടെ പരസ്യം ചെയ്ത യുവാവിനെ ആണ് വനംവകുപ്പ് പൊക്കിയിത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിർത്തി ഗ്രാമത്തിലാണു സംഭവം.

മൂന്ന് കടുവകുഞ്ഞുങ്ങളുടെ ചിത്രം സഹിതമാണ് യുവാവ് വാട്ട്സാപ്പിലൂടെ കടുവക്കുട്ടികളെ വില്‍ക്കാനുണ്ടെന്ന പരസ്യം പോസ്റ്റ് ചെയ്തത്. സ്റ്റീല്‍ പാത്രത്തില്‍ കടുവകുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസായും യുവാവ് ഇട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് കടുവകളെ വില്‍ക്കാനുണ്ടെന്നുകാട്ടി ചിത്രം പോസ്റ്റ് ചെയ്തത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞുങ്ങള്‍ കൈവശമുണ്ടെന്നും ഒന്നിന് 25 ലക്ഷം രൂപ വിലവരുമെന്നും പണം നൽകിയാൽ 10 ദിവസത്തിനകം പറയുന്ന സ്ഥലത്ത് എത്തിച്ചു നൽകാമെന്നും അറിയിപ്പിലുണ്ടായിരുന്നു.

വാട്ട്സ്ആപ്പിലൂടെ പ്രചരിച്ച പരസ്യത്തെക്കുറിച്ച് അറിഞ്ഞ വനം വകുപ്പ് അന്വേഷണം തുടങ്ങി. വനം വകുപ്പ് അന്വേഷണം തുടങ്ങിയ വിവരമറിഞ്ഞ പാർഥിപൻ ഒളിവിൽപോയി. ഉദ്യോഗസ്ഥരെത്തി ഇയാളുടെ വീടും പരിസരവും പരിശോധിച്ചെങ്കിലും കടുവ കുഞ്ഞുങ്ങളെയോ മറ്റു വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് പൊലീസിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

വാട്ട്സ്ആപ്പില്‍ ഇടാനായി കടുവക്കുഞ്ഞുങ്ങളുടെ ചിത്രം അമ്പത്തൂർ സ്വദേശിയായ സുഹൃത്താണ് പാര്‍ഥിപന് നൽകിയതെന്നാണു വിവരം. കടുവക്കുട്ടികളെ അന്വേഷിച്ചെത്തുന്നവർക്ക് പൂച്ചക്കുട്ടികളെ നിറമടിച്ചു കടുവക്കുഞ്ഞുങ്ങളാക്കി കൊടുക്കാനായിരുന്നു ഇവരുടെ പരിപാടിയെന്ന് പ്രതി മൊഴി നൽകി. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും തട്ടിപ്പിന് പിന്നില്‍ മറ്റാരെങ്കിലും ഉള്‍‌പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കടുവക്കുഞ്ഞിനെ വില്‍ക്കാനുണ്ട്, വില 25 ലക്ഷം! ; പൂച്ചയ്ക്ക് നിറമടിച്ച് തട്ടിപ്പ്, യുവാവ് പിടിയില്‍

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes