
‘
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പുലർത്തിവന്ന മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു തനിക്കു തികഞ്ഞ ബോധ്യമുണ്ടെന്നു പ്രഖ്യാപിച്ച രാഹുൽ ഗാന്ധി, ഇതിനെക്കുറിച്ച് തന്റെ മനസ്സിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണു ഭാവിയെക്കുറിച്ചു തനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന രാഹുലിന്റെ പ്രഖ്യാപനം. നിലവിൽ താൻ കോൺഗ്രസ് അധ്യക്ഷനല്ലെങ്കിലും, ഭാരത് ജോഡോ യാത്ര നയിക്കുന്നതിൽ യാതൊരു വൈരുധ്യവുമില്ലെന്നും രാഹുൽ വിശദീകരിച്ചു.
‘ഇതിൽ എവിടെയാണ് വൈരുധ്യം? അതായത് രാജ്യവ്യാപകമായി ഒരു പദയാത്ര സംഘടിപ്പിക്കാൻ കോൺഗ്രസ് പാർട്ടി തീരുമാനിക്കുന്നു. പാർട്ടിയിലെ ഒരു അംഗമെന്ന നിലയിലും പാർട്ടി മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്ന ആളെന്ന നിലയിലും ഞാനും ഈ യാത്രയുടെ ഭാഗമാകുന്നു. ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഞാൻ ഒരു വൈരുധ്യവും കാണുന്നില്ല’ രാഹുൽ ഗാന്ധി വിശദീകരിച്ചു. അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് അദ്ദേഹത്തിന്റെ ഈ വാക്കുകളെന്ന് ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന ചോദ്യത്തിനു രാഹുൽ ഗാന്ധിയുടെ ഉത്തരം ഇങ്ങനെ:
‘ഞാൻ കോൺഗ്രസ് പ്രസിഡന്റ് ആകുമോ ഇല്ലയോ എന്നത് കോൺഗ്രസ് പാർട്ടിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ വ്യക്തമാകും. അപ്പോൾ എല്ലാറ്റിനും ഒരു വ്യക്തത വരും. അതുവരെ ദയവുചെയ്ത് കാത്തിരിക്കൂ. നിങ്ങൾക്കു തീർച്ചയായും ഒരു ഉത്തരം കിട്ടും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നില്ലെന്നു കരുതുക. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മത്സരിക്കുന്നില്ലെന്ന് അപ്പോൾ നിങ്ങൾക്ക് എന്നോടു ചോദിക്കാം. ഞാൻ വ്യക്തമായി ഉത്തരം നൽകും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ഇക്കാര്യത്തിൽ എല്ലാവർക്കും വ്യക്തത ലഭിക്കും. ഈ വിഷയത്തിൽ എനിക്കു പൂർണ ബോധ്യമുള്ള ചില തീരുമാനങ്ങളുണ്ട്’ രാഹുൽ ഗാന്ധി വിശദീകരിച്ചു.
‘പാർട്ടി വിടാൻ തീരുമാനിക്കുന്നവരെ എങ്ങനെയാണു ഞാൻ കാര്യങ്ങൾ ബോധ്യപ്പെടുത്തുക? അവരുടെമേൽ എന്നേക്കാൾ നന്നായി സമ്മർദ്ദം ചെലുത്തുന്നതു ബിജെപിയാണ്. അതിലും ഗുരുതരമായ ഒന്നുണ്ട്. രാജ്യത്തെ ഏതാണ്ട് എല്ലാ സ്ഥാപനങ്ങളുടെയും നിയന്ത്രണം ബിജെപി കയ്യാളിക്കഴിഞ്ഞു. മിക്കയിടത്തും ബിജെപി അവരുടെ ആളുകളെ തിരുകിക്കയറ്റി. ഇവരെ ഉപയോഗിച്ചാണ് ബിജെപിയുടെ സമ്മർദ്ദതന്ത്രം.
ഇപ്പോഴത്തെ സാഹചര്യത്തിൽ സിബിഐ, ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയവയുടെ ജോലി എന്താണെന്നു നമുക്കറിയാം. അവർ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും നാം കാണുന്നുണ്ട്. അതുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയുമായിട്ടല്ല ഇപ്പോൾ നമ്മുടെ പോരാട്ടം. ഇതുവരെ രാഷ്ട്രീയ പാർട്ടികൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇപ്പോഴത്തെ പോരാട്ടം ഒരു പാർട്ടിയും മറ്റൊരു പാർട്ടിയും തമ്മിലല്ല. മറിച്ച് എല്ലായിടത്തും പിടിമുറുക്കിയ ഒരു സംവിധാനവും പ്രതിപക്ഷവും തമ്മിലാണ്.
ഇത് അത്ര എളുപ്പമുള്ള പോരാട്ടമല്ലെന്ന് എല്ലാവർക്കും അറിയാം. മാധ്യമങ്ങൾ പോലും പ്രതിപക്ഷത്തിനൊപ്പമില്ല. ഒപ്പം നിൽക്കാൻ മാധ്യമങ്ങൾക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്നറിയാം. പക്ഷേ, നിങ്ങൾക്കും കനത്ത സമ്മർദ്ദമുണ്ട്. നിങ്ങളുടെ ഉടമകൾക്കു ചില പ്രത്യേക ബന്ധങ്ങളുണ്ടാകാം. അതുകൊണ്ട് ഇത് അത്രയെളുപ്പമുള്ള പോരാട്ടമല്ല. ഒരുപാട് ആളുകൾക്കു പോരാടാൻ താൽപര്യം പോലുമില്ല.
നോക്കൂ, ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിയുമായി സന്ധി ചെയ്യുന്നതാണ് ഏറ്റവും എളുപ്പമുള്ള കാര്യം. അവരുമായി കൈകോർത്താൽ എല്ലാം എളുപ്പമാകും. പ്രശ്നങ്ങൾ വഴിമാറും. നിർഭാഗ്യവശാൽ, ഞാൻ പഠിച്ചിട്ടുള്ളത് അതല്ല. അത് എന്റെ രീതിയുമല്ല. ഇന്ത്യയെ സംബന്ധിച്ചു നിർണായകമെന്നു ഞാൻ കരുതുന്ന ചില ആശയങ്ങൾക്കായാണ് എന്റെ പോരാട്ടം. ഇക്കാര്യം ബോധ്യമുള്ള ഒട്ടേറെപ്പേർ കോൺഗ്രസിനുള്ളിലും പ്രതിപക്ഷത്തമുണ്ട്’ രാഹുൽ പറഞ്ഞു.
