
ആന്ധ്രാപ്രദേശില്‍ നിന്ന് ലോറിയില്‍ കടത്തിയ കഞ്ചാവുമായി അച്ഛനും മകനുമടക്കം നാലുപേര്‍ മൂവാറ്റുപുഴയില്‍ പിടിയിലായി. നാല് ചാക്കുകളിലായി ഒളിപ്പിച്ച എണ്‍പത് കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. 1500 കിലോ കഞ്ചാവാണ് സംഘം കേരളത്തിലെത്തിച്ച് വിതരണം ചെയ്തത്.
കാളിയാർ സ്വദേശിതങ്കപ്പൻ, മകന്‍ അരുണ്‍, പടിഞ്ഞാറെ കോടിക്കുളം സ്വദേശി നിതിന്‍ വിജയന്‍, ചീങ്കല്‍സിറ്റിയില്‍ അബിന്‍സ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലും ഇടുക്കി ജില്ലയിലും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ നാലുപേരും. കഞ്ചാവ് ശേഖരിക്കാന്‍ ആഴ്ചകള്‍ക്ക് മുന്‍പേ നാലംഗ സംഘം ആന്ധ്രയില്‍ എത്തി. ഇവിടെ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച കഞ്ചാവ് നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ മറ്റ് ലോഡുകള്‍ക്കൊപ്പം ഒളിപ്പിച്ചാണ് കേരളത്തിലേക്ക് കടത്തിയത്. 1500 കിലോയിലേറെ കഞ്ചാവാണ് എത്തിച്ചിരുന്നത്. പലസ്ഥലത്തും വിതരണം ചെയ്ത് മിച്ചമുണ്ടായിരുന്ന എണ്‍പത് കിലോയാണ് പിടിച്ചെടുത്തത്.
ആന്ധ്രയില്‍ നിന്ന് ഒരു കിലോയ്ക്ക് മൂവായിരം രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് പത്തിരട്ടി വിലയ്ക്കാണ് വില്‍പന. ഇടുക്കി സ്വദേശി നാസറാണ് സംഘത്തിന്‍റെ തലവനെന്ന നിര്‍ണായക വിവരവും എക്സൈസിന് ലഭിച്ചു. നാസറിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയ എക്സൈസ് പിടിയിലായവരുടെ ലഹരിയിടപാടുകള്‍ സംബന്ധിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു.
