
ക്ഷേത്രത്തിലെത്തി പ്രാർഥിക്കുന്നതിന് ഇടയിൽ സ്വന്തം നാവ് മുറിച്ച് സമർപ്പിച്ച് 38കാരൻ. ഉത്തർപ്രദേശിലെ കൗശാംബിയിലെ കട ധാം ക്ഷേത്രത്തിലാണ് സംഭവം. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
ദമ്പതികളായ സമ്പത്ത് സരോജും ബാൻ പതിയും ഒരുമിച്ചാണ് ക്ഷേത്രത്തിൽ എത്തിയത്. ഗംഗയിൽ കുളിച്ച ശേഷം ക്ഷേത്രത്തിൽ എത്തിയ ഇവർ പ്രാർഥിക്കുന്നതിന് ഇടയിലാണ് ഭർത്താവ് സമ്പത്ത് നാവ് മുറിച്ച് സമർപ്പിച്ചത്. കയ്യിൽ ഉണ്ടായിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ചാണ് ഇയാൾ നാവ് അറുത്തെടുത്തത്. ഭർത്താവിന്റെ ഈ നീക്കം ഭാര്യയെയും ചുറ്റും കൂടി നിന്ന മറ്റ് ഭക്തരെയും അമ്പരപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനിലം തരണം ചെയ്തെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
