കാമുകിയുടെ കല്യാണം; മുഹൂർത്തമായപ്പോൾ താലി തട്ടിയെടുത്ത് കാമുകൻ; കൂട്ടത്തല്ല്

കാമുകിയുടെ വിവാഹത്തിനെത്തിയ കാമുകൻ മുഹൂർത്ത സമയമായപ്പോൾ താലിയും തട്ടിയെടുത്ത് ഓടി. ഓടിച്ചിട്ട് പിടിച്ച വധുവിന്റെ ബന്ധുക്കൾ കാമുകനെ ക്രൂരമായി മർദിച്ചു. പിന്നാലെ മണ്ഡപത്തിൽ കൂട്ടത്തല്ല് നടന്നതോടെ വരനും ബന്ധുക്കളും വിവാഹം വേണ്ടെന്ന് വച്ച് മടങ്ങി. സിനിമയെ തോൽപ്പിക്കുന്ന രംഗങ്ങൾക്കാണ് തമിഴ്നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജി നഗർ കല്യാണ മണ്ഡപം സാക്ഷ്യം വഹിച്ചത്. ഒടുവിൽ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

സംഭവം ഇങ്ങനെ: 24 വയസ്സുള്ള യുവാവും 20കാരിയും തമ്മിൽ കഴിഞ്ഞ രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അംഗീകരിക്കാൻ യുവതിയുടെ വീട്ടുകാർ തയാറായില്ല. 21 വയസ്സുള്ള എൻജിനിയറായ മറ്റൊരു യുവാവുമായി യുവതിയുടെ കല്യാണം ബന്ധുക്കൾ ഉറപ്പിച്ചു. വിവാഹവേദിയിൽ നിന്നും തന്നെ വിളിച്ചിറക്കി െകാണ്ടുപോകണമെന്ന കാമുകിയുടെ സന്ദേശം ലഭിച്ചതോടെയാണ് കാമുകൻ കല്യാണ മണ്ഡപത്തിലെത്തിയത്. താലികെട്ടിനുള്ള മുഹൂർത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകൻ നിൽക്കുന്നുണ്ടായിരുന്നു.

മുഹൂർത്ത സമയം ആയപ്പോൾ പൂജാരി താലി വരന് കൈമാറുന്ന സമയത്ത് കാമുകനായ യുവാവ് ഇത് തട്ടിയെടുത്ത് ഓടുകയായിരുന്നു. പിന്നീട് ഇയാൾ യുവതിയുടെ കഴുത്തിൽ താലി കെട്ടാനും ശ്രമം നടത്തി. ഈ സമയം വധുവിന്റെ ബന്ധുക്കൾ ഇയാളെ മർദിക്കാനും തുടങ്ങി. ഇതോടെ വരന്റെ ബന്ധുക്കളും പ്രശ്നമുണ്ടാക്കി. പിന്നീട് കൂട്ടത്തല്ലിലേക്ക് കാര്യങ്ങൾ എത്തി. ഈ സമയം പൊലീസ് എത്തിയതോടെ പ്രശ്നം വഷളായില്ല. ഒടുവിൽ വിവാഹം വേണ്ടെന്ന് വച്ച് വരനും ബന്ധുക്കളും മടങ്ങി. ആരും പരാതി നൽകാത്തതോടെ പൊലീസ് വിഷയത്തിൽ കേസെടുത്തിട്ടില്ല.

കാമുകിയുടെ കല്യാണം; മുഹൂർത്തമായപ്പോൾ താലി തട്ടിയെടുത്ത് കാമുകൻ; കൂട്ടത്തല്ല്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes