
കുടുംബപ്രശ്നങ്ങള്‍ കേരളത്തില്‍ ആത്മഹത്യാ നിരക്ക് ഉയര്‍ത്തുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. ജനസംഖ്യാനുപാതികമായ ആത്മഹത്യാ കണക്കില്‍ രാജ്യത്ത് അഞ്ചാമതുളള സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം മാത്രം ജീവനൊടുക്കിയത് ഒന്‍പതിനായിരത്തി അഞ്ഞൂറിലേറെപ്പേര്‍. രാജ്യത്ത് ആത്മഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്നത് കൊല്ലം നഗരത്തിലെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ ആത്മഹത്യാനിരക്കില്‍ 12 ശതമാനമാണ് വര്‍ധനയെന്ന ദേശീയ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളാണ് ഞെട്ടലുണ്ടാക്കുന്നത്. 2019 – 2020ല്‍ 8500 പേരാണ് ജീവനൊടുക്കിയത്. 2020–21 ല്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം 9549 ആയി ഉയര്‍ന്നു. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളില്‍ അഞ്ചാമതുണ്ട് കേരളം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന നഗരം കൊല്ലമാണ്. ജീവനൊടുക്കിയ സ്ത്രീകളില്‍ അമ്പത് ശതമാനത്തിലേറെ വീട്ടമ്മമാരാണ്. കുടുംബപ്രശ്നങ്ങളാണ് പ്രധാന കാരണം. കുടുംബപ്രശ്നങ്ങള്‍ 4552 പേരുടെ ജീവനെടുത്തു. ശാരീരിക മാനസിക രോഗങ്ങള്‍ 2006 പേരെയും തൊഴിലില്ലായ്മ 1654 പേരെയും ആത്മഹത്യയിലേയ്ക്ക് നയിച്ചു. ലഹരി ഉപയോഗം , പ്രണയം , കടബാധ്യത തുടങ്ങിയവും കാരണങ്ങളാണ്. കോവിഡ്കാല സമ്മര്‍ദങ്ങളും ആത്മഹത്യാ നിരക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം. മാനസികാരോഗ്യ സാക്ഷരത വിദ്യാഭ്യാസത്തോടൊപ്പം നല്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
