
‘
സാധാരണക്കാരായ ജനങ്ങളുമായി സംവദിച്ച് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് കടന്നുകഴിഞ്ഞു. തമിഴ്നാട്ടിൽ മൂന്ന് ദിവസത്തെ കാൽനടയാത്രയിൽ ജനങ്ങളെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾക്കൊപ്പം രസകരമായ നിരവധി അനുഭവങ്ങളും രാഹുലിനും സംഘത്തിനുമുണ്ടായി. അക്കൂട്ടത്തിലെ കൗതുകകരമായ ഒരു ചിത്രമാണ് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ജയറാം രമേശ് ട്വിറ്ററിൽ പങ്കുവച്ചത്.
തമിഴ്നാട്ടിൽ ജനങ്ങളുമായുള്ള സംവാദത്തിനിടെ രാഹുലിന്റെ കൈ നോക്കുന്ന സ്ത്രീയുടെ ചിത്രങ്ങൾ കോൺഗ്രസ് എംപി ജയറാം രമേശാണ് പുറത്ത് വിട്ടത്. രാഹുലിന് തമിഴ്നാടിനോട് പ്രത്യേക ഇഷ്ടമാണെന്ന് അറിയാമെന്നും ഒരു തമിഴ് പെൺകൊടിയെ കണ്ടെത്തി നൽകാമെന്ന് കൂട്ടത്തിൽ ഒരു സ്ത്രീ പറയുന്നതും അത് കേട്ട് ചിരിക്കുന്ന രാഹുലാണ് ചിത്രത്തിലുള്ളതെന്നും അദ്ദേഹം കുറിക്കുന്നു. മാർത്താണ്ഡത്ത് യാത്ര എത്തിയപ്പോഴാണ് രസകരമായ ഈ സംഭവമുണ്ടായതെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
