
2022 ഏപ്രിലിനും ജൂണിനുമിടയിൽ ഇന്ത്യയിൽ നിന്ന് 1,324,634 വിഡിയോകൾ നീക്കം ചെയ്തുവെന്ന് യൂട്യൂബ് റിപ്പോർട്ട്. യുഎസ്, ഇന്തൊനീഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ഏറെ കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേവലം 445,148 വിഡിയോകൾ മാത്രമാണ് യുഎസിൽ നിന്നും നീക്കം ചെയ്തത്. ഇന്തൊനീഷ്യയിൽ നിന്ന് 427,748, ബ്രസീലിൽ നിന്ന് 222,826, റഷ്യയിൽ നിന്ന് 192,382, പാക്കിസ്ഥാനില്‍ നിന്ന് 130,663 വിഡിയോകളുമാണ് നീക്കം ചെയ്തിരിക്കുന്നത്. നീക്കം ചെയ്ത വിഡിയോകളിൽ 30 ശതമാനവും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണെന്നും 20 ശതമാനം ഉള്ളടക്കം മറ്റു കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്ന കണ്ടെന്റ് ആണെന്നും 14.8 ശതമാനം നഗ്നത, ലൈംഗികത ഉൾപ്പെടുന്ന കണ്ടെന്റ് ആണെന്നും 11.9 ശതമാനം വിഡിയോകൾ ആരോഗ്യത്തിന് ഹാനികരമോ, അപകടകരമോ ആയ കണ്ടെന്റാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വിഡിയോകളിൽ ഭൂരിഭാഗവും (4,195,734 എണ്ണം) ഓട്ടമേറ്റഡ് ഫ്ലാഗിങ് വഴിയും 256,109 എണ്ണം ഉപയോക്താക്കൾ, 34,490 എണ്ണം വ്യക്തിഗത വിശ്വസനീയ ഫ്ലാഗർമാർ വഴിയും നീക്കം ചെയ്‌തു. വിശ്വസനീയമായ ഫ്ലാഗർ പ്രോഗ്രാം അംഗങ്ങളിൽ വ്യക്തികളും എൻജിഒകളും സർക്കാർ ഏജൻസികളും ഉൾപ്പെടുന്നു.
ഇന്ത്യയിൽ യൂട്യൂബ് വിഡിയോ നീക്കം ചെയ്തതിന്റെ ഉയർന്ന എണ്ണം ഇന്ത്യൻ ഉപയോക്താക്കൾ ഫ്ലാഗ് ചെയ്ത വിഡിയോകളുടെ എണ്ണവുമായി നേരിട്ട് യോജിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിഡിയോകൾ നീക്കം ചെയ്യാനാണ് ഏറ്റവും കൂടുതൽ നിർദേശങ്ങൾ (ഫ്ലാഗുകൾ) യൂട്യൂബിന് ലഭിച്ചതായി റിപ്പോർട്ട് കാണിക്കുന്നു. തൊട്ടുപിന്നാലെ യുഎസ്, റഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ്.
