
ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി ക്രിക്കറ്റ് ആരാധകർക്ക് നിരാശയായി സഞ്ജു സാംസണിന് ടീമിൽ ഇടം ലഭിച്ചില്ല. അതേസമയം ദീപക് ഹൂഡ, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ എന്നിവർ ടീമിൽ ഇടംപിടിച്ചു. രവി ബിഷ്ണോയ്, ആവേശ് ഖാൻ എന്നിവർ ഉയർത്തിയ വെല്ലുവിളി മറികടന്നാണ് അശ്വിനും പട്ടേലും ടീമിൽ ഇടംപിടിച്ചത്.
അതേസമയം, ഏഷ്യാ കപ്പിനിടെ പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്ക് ലോകകപ്പ് ടീമിലും ഇടം ലഭിച്ചില്ല. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന സാഹചര്യത്തിലാണ് ജഡേജ ടീമിനു പുറത്തായത്. ജഡേജയ്ക്കു പകരം അക്ഷർ പട്ടേൽ ടീമിലെത്തി. ഏഷ്യാകപ്പിൽനിന്ന് വിശ്രമം അനുവദിച്ചിരുന്ന ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തി. 15 അംഗ ടീമിനു പുറമെ സ്റ്റാൻഡ്ബൈ താരങ്ങളായി മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചാഹർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, യുസ്‍വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്
