
രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ മുംബൈ–അഹമ്മദാബാദ് പാതയിൽ ഉടൻ സർവീസ് ആരംഭിക്കും. ഇന്ത്യയിൽ ഓടുന്നതിൽ ഏറ്റവും വേഗമേറിയതരം ട്രെയിനാണ് ‘വന്ദേഭാരത്’. ഇരു വ്യവസായ–വാണിജ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയിൽ അതിവേഗ ട്രെയിൻ വൻ ഹിറ്റാകുമെന്നാണ് റെയിൽവേ അധികൃതരുടെ കണക്കുകൂട്ടൽ. നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ പാതയും മുംബൈ–അഹമ്മദാബാദ് നഗരങ്ങൾക്കിടെയാണ്.
അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ ഈ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ട്രയൽ റണ്ണിൽ വെറും 52 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിച്ച് വന്ദേ ഭാരത് ട്രെയിൻ ബുള്ളറ്റ് ട്രെയിനിന്റെ റെക്കോർഡ് തകർക്കുകയും ചെയ്തു.
ഡൽഹി–വാരാണസി, ഡൽഹി–കത്ര പാതയിലാണ് നിലവിൽ വന്ദേഭാരത് ട്രെയിൻ സർവീസുള്ളത്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. അത്യാധുനിക സൗകര്യങ്ങളും എയ്റോ ഡൈനാമിക് ഡിസൈനും സവിശേഷതയാണ്. 16 കോച്ചുകളുള്ള ട്രെയിനിൽ 1128 യാത്രക്കാർക്ക് സഞ്ചരിക്കാം.
2019 ഫെബ്രുവരിയിൽ ഡൽഹി–വാരാണസി പാതയിലാണ് ഇത്തരത്തിലുളള ആദ്യ ട്രെയിൻ സർവീസിനിറക്കിയത്. ഇന്ത്യൻ റെയിൽവേയ്ക്ക് ഇത് അഭിമാന നിമിഷമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
