
ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽനിന്നുള്ള രണ്ടു സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി. കരിമ്പുപാടത്തിലെ മരത്തിൽ തൂങ്ങിയനിലയിലായിരുന്ന മൃതദേഹങ്ങൾ. അയൽഗ്രാമത്തിൽ നിന്നുള്ള മൂന്നുപേർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടികളുടെ മാതാവ് ആരോപിച്ചു. സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. സഹോദരിമാരെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനുശേഷമെന്നു പൊലീസ് പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ് എന്നും ഇതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും പോലീസ് പറയുന്നു .കൊലപാതകം ആണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ഗ്രാമവാസികൾ ഇന്നലെ രാത്രി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഹാത്രസിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ലഖിംപൂർ ഖേരിയിൽ ഉണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എസ്.പി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. ഉത്തർപ്രദേശിൽ സ്ത്രീകൾക്കും പട്ടിക ജാതിക്കാർക്കും ഒരു സുരക്ഷയുമില്ലെന്നും ഇരുവരും ആരോപിച്ചു.
