‘ബാല്യത്തിൽ ചെറിയ മോഷണങ്ങൾ നടത്തുന്നതിൽ നിന്ന് അമ്മ എന്നെ തടഞ്ഞിരുന്നുവെങ്കിൽ, ഞാൻ ഇത്രയും വലിയ കൊള്ളക്കാരനാകുമായിരുന്നില്ല: -മോദി; വാസ്തവം എന്താണ്

Subscribe to Notifications

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വേദിയിൽ നിന്ന് പ്രസംഗിക്കുന്ന 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചെറിയ മോഷണങ്ങളിൽ നിന്ന് എന്നെ അമ്മ തടഞ്ഞിരുന്നുവെങ്കിൽ ഞാൻ ഇത്രയും വലിയ കൊള്ളക്കാരനാകുമായിരുന്നില്ലെന്നാണ് വീഡിയോയിൽ മോദി പറയുന്നത്. പ്രധാനമന്ത്രി മോദി തന്നെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് എന്നാണ് വീഡിയോ പങ്കുവെച്ചവരുടെ അവകാശവാദം. 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ മാധ്യമപ്രവർത്തക കവിഷ് അസീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകനായ ദിനേശ് കുമാറും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർഥ്യം എന്താണ്. സമൂഹമാധ്യമങ്ങളിൽ ഒരുപാട് പേർ ചോദ്യം ഉന്നയിച്ചു. വസ്തുതാന്വേഷണ വെബ്സൈറ്റായ ‘ആൾട്ട് ന്യൂസ്’ ആണ് ഇപ്പോൾ വീഡിയോ സംബന്ധിച്ച യഥാർത്ഥ വിവരം പുറത്തുവിട്ടിരിക്കുന്നത്. മുഹമ്മദ് ജാവേദ് അക്തർ എന്നയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ഇതിനകം ആറ് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഫേസ്ബുക്കിലും ട്വിറ്ററിലും വീഡിയോ വൈറലാണ്.

വസ്തുതാ പരിശോധന:
ആൾട്ട് ന്യൂസ് ഗൂഗിളിൽ വൈറലായ വീഡിയോയുടെ ഒരു ഫ്രെയിമിന്റെ റിവേഴ്സ് ഇമേജ് തിരഞ്ഞുകണ്ടുപിടിച്ചു. തിരയൽ ഫലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിന്റെ വീഡിയോ അവർ കണ്ടെത്തി. 2021 ഏപ്രിൽ 10ന്, പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ചാനൽ അപ്‌ലോഡ് ചെയ്തിരുന്നു. ഈ പ്രസംഗത്തിന്റെ ഭാഗമാണ് വൈറലായ വീഡിയോ. പ്രധാനമന്ത്രി മോദിയുടെ മുഴുവൻ പ്രസംഗത്തിന്റെയും വീഡിയോയിൽ, വൈറലായ വീഡിയോയുടെ ഭാഗം 40 മിനിറ്റ് 38 സെക്കൻഡിന് ശേഷം കാണാൻ കഴിയും.

ഒറിജിനൽ വീഡിയോയിലെ 39.39 മിനിറ്റിൽ മോദി വിഷയം അവതരിപ്പിക്കുന്നു. മോദി പറയുന്നു: “ഞങ്ങൾ ചെറുപ്പമായിരുന്നപ്പോൾ ഞങ്ങൾ ഒരു കഥ കേട്ടിരുന്നു. ആ കഥയിൽ, വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു വലിയ കൊള്ളക്കാരൻ ഉണ്ടായിരുന്നു. വധിശിക്ഷക്ക് മുമ്പ് അയാളോട് അവസാനത്തെ ആഗ്രഹം എന്താണെന്ന് ചോദിച്ചു. അമ്മയെ കാണണമെന്ന് പറഞ്ഞു. തുടർന്ന് തൂക്കുമരത്തിലേക്ക് പോകുന്നതിന് മുമ്പ് അമ്മയെ കാണാനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്തു. അമ്മയെ കണ്ടപ്പോൾ അയാൾ അവരുടെ മൂക്ക് മുറിച്ചു. തൂങ്ങിമരിക്കും മുമ്പ് അയാൾ അമ്മയുടെ മൂക്ക് മുറിച്ചു. അപ്പോൾ ആളുകൾ ചോദിച്ചു എന്തിനാണ് അമ്മയോട് അങ്ങനെ ചെയ്തത്. കുട്ടിയായിരുന്നപ്പോൾ ചെറിയ മോഷണങ്ങൾ നടത്തുന്നതിൽ നിന്ന് അമ്മ എന്നെ തടഞ്ഞിരുന്നുവെങ്കിൽ, ഞാൻ ഇത്രയും വലിയ കൊള്ളക്കാരനാകുമായിരുന്നില്ല, ഇന്ന് എനിക്ക് വധശിക്ഷ ലഭിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചുരുക്കത്തിൽ, വൈറലായ വീഡിയോയിൽ, പ്രധാനമന്ത്രി മോദി ഒരു കഥയുടെ പശ്ചാത്തലത്തിൽ മോഷണത്തെയും കവർച്ചയെയും കുറിച്ച് സംസാരിക്കുകയായിരുന്നു. എന്നാൽ, മോദിയുടെ പ്രസംഗത്തിന്റെ കട്ട് ചെയ്ത വീഡിയോ നിരവധി മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും സന്ദർഭത്തിന് യോജിക്കാത്ത വിധം പങ്കിടുകയായിരുന്നു.

‘ബാല്യത്തിൽ ചെറിയ മോഷണങ്ങൾ നടത്തുന്നതിൽ നിന്ന് അമ്മ എന്നെ തടഞ്ഞിരുന്നുവെങ്കിൽ, ഞാൻ ഇത്രയും വലിയ കൊള്ളക്കാരനാകുമായിരുന്നില്ല: -മോദി; വാസ്തവം എന്താണ്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes