
എം.എസ്. ധോണി തനിക്ക് ഒരു അവസരം നൽകിയിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മാറിപ്പോകുമായിരുന്നെന്നു വെളിപ്പെടുത്തി ക്രിക്കറ്റ് താരം ഈശ്വർ പാണ്ഡെ. വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. ‘ധോണി എനിക്ക് ഒരു അവസരം നൽകിയിരുന്നെങ്കിൽ എന്റെ കരിയർ തന്നെ മാറിപ്പോകുമായിരുന്നു. ആ സമയത്ത് എനിക്ക് 23–24 വയസ്സുമാത്രമായിരുന്നു പ്രായം. നല്ല ഫിറ്റ്നസും ഉണ്ടായിരുന്നു. ഇന്ത്യയ്ക്കായി കളിക്കാൻ ധോണി ഒരു അവസരം നല്‍കിയിരുന്നെങ്കില്‍, ഞാൻ നല്ല പ്രകടനം നടത്തിയിരുന്നെങ്കിൽ എന്റെ കരിയർ മറ്റൊന്നാകുമായിരുന്നു’– എന്നാണ് പാണ്ഡെ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞിരിക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്ന ഈശ്വർ പാണ്ഡെയെ ആരാധകർ അധികം ഓർക്കാൻ സാധ്യതയില്ല. ഫസ്റ്റ് ക്ലാസിൽ 75 മത്സരങ്ങൾ കളിച്ചിട്ടുള്ള മധ്യപ്രദേശിൽനിന്നുള്ള പേസർ 263 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിനായും സെൻട്രൽ സോണിനു വേണ്ടിയും തിളങ്ങിയെങ്കിലും ദേശീയ ടീമിൽ കളിക്കുകയെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഈശ്വര്‍ ക്രിക്കറ്റ് മതിയാക്കിയത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, റൈസിങ് പുണെ സൂപ്പർജയന്റ്സ്, പുണെ വാരിയേഴ്സ് ടീമുകൾക്കു വേണ്ടി 25 മത്സരങ്ങൾ കളിച്ച താരം 18 വിക്കറ്റുകളാണു വീഴ്ത്തിയത്.
33 വയസ്സുകാരനായ താരം ഇന്ത്യ എ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസിൽ ഗോവയ്ക്കെതിരെ 2010ലാണ് താരം അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അവസാന പോരാട്ടം കേരളത്തിനെതിരെയായിരുന്നു. 2022 മാർച്ചിൽ നടന്ന രഞ്ജി ട്രോഫി പോരാട്ടത്തില്‍ 78 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ഈശ്വർ സ്വന്തമാക്കി. ട്വന്റി20യിൽ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കഴിഞ്ഞ വർഷമാണ് അവസാന മത്സരത്തിന് ഇറങ്ങിയത്.
