

‘അതൊരു കെണിയാണെന്നു ഞാൻ സ്വപ്‌നത്തിൽ പോലും കരുതിയില്ല. കുടുംബത്തിന്റെ കഷ്ടപ്പാടിൽ നിന്ന് കരകയറാൻ കൈത്താങ്ങായ സ്ത്രീയെ വലിയ ആദരവോടാണ് കണ്ടതും. എന്നാൽ ആയൂർവേദ സ്‌പായിൽ റിസപ്ഷനിസ്റ്റ് ആയി ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം തന്നെ അടച്ചിട്ട മുറിയിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു. അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ എളുപ്പത്തിൽ സാധിക്കുമായിരുന്നില്ല. ജോലി അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ ബലാത്സംഗ ദൃശ്യങ്ങൾ പുറത്തു വിടുമെന്നായി ഭീഷണി. കുടുംബത്തെ ഓർത്ത് വീണ്ടും ജോലിക്ക് പോകേണ്ടി വന്നു. ബലാത്‌സംഗം പതിവായി. ദിവസത്തിൽ പത്ത് മുതൽ പതിനഞ്ചു പേർ വരെ ക്രൂരമായി ബലാത്സംഗത്തിരയാക്കി’’– ഹരിയാനയിലെ ഗുരുഗ്രാമിൽ ചതിയിൽ കുടുങ്ങി ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പതിനാലുകാരിയുടെ വാക്കുകൾ.
പെൺകുട്ടിയുടെ പരാതിയിൽ ഗുരുഗ്രാം പൊലീസ് കേസെടുക്കുകയും സ്‌പാ നടത്തിപ്പുകാരനും ഇടനിലക്കാരിയായ സ്ത്രീയ്ക്കുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്‌തു. നഗരത്തിൽ വച്ച് പരിചയപ്പെട്ട സ്ത്രീയാണ് തന്നെ സ്‌പാ നടത്തിപ്പുകാരന് പരിചയപ്പെടുത്തിയതെന്നു പെൺകുട്ടി പറയുന്നു. ലൈംഗിക തൊഴിലിലേക്കാണ് അവർ തന്നെ തള്ളിയിട്ടതെന്നു അധികം വൈകാതെ ബോധ്യപ്പെട്ടു. ജോലിയിൽ പ്രവേശിച്ച ആദ്യദിനം ഇടപാടുകാരനുള്ള മുറിയിലേക്ക് വിളിപ്പിച്ച ശേഷം പുറത്തു നിന്ന് കുറ്റിയിടുകയായിരുന്നുവെന്നു പെൺകുട്ടി പറഞ്ഞു.
പരാതി നൽകിയതിനു പിന്നാലെ പെൺകുട്ടിക്കു പ്രതികളിൽനിന്ന് ഭീഷണി നേരിടേണ്ടി വന്നുവെന്നും മൊഴി തിരുത്തി പറഞ്ഞതായും പൊലീസ് പറയുന്നു. പ്രതികളിൽ ഒരാളായ റൂബൽ എന്ന യുവാവുമായും പ്രണയത്തിലായിരുന്നുവെന്നും പരാതിയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും പെൺകുട്ടി പറഞ്ഞതോടെ കേസുമായി പൊലീസ് മുന്നോട്ടു പോയിരുന്നില്ല. പ്രതികൾക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
തുടർന്നും പെൺകുട്ടിയെ ദൃശ്യങ്ങൾ കാണിച്ച് പ്രതികൾ ഭീഷണിപ്പെടുത്തുകയും ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു. പത്ത് പതിനഞ്ചും പേർ ദിവസവും തന്നെ ബലാത്സംഗം ചെയ്‌തുവെന്നും ഈ കെണിയിൽ നിന്ന് ഇനി രക്ഷപ്പെടാൻ കഴിയില്ലെന്നു ബോധ്യമായതോടെയാണ് വീണ്ടും പരാതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്നും പെൺകുട്ടി പറഞ്ഞു. പരാതി പിൻവലിക്കാൻ പ്രതികൾ തന്നെ അതിക്രൂരമായി മർദ്ദിച്ചുവെന്നും പെൺകുട്ടി പറയുന്നു. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
