
25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടിനാണ് നറുക്കെടുപ്പ്. 500 രൂപ വിലയുള്ള തിരുവോണം ബംപറിന്‍റെ അറുപത്തിയാറര ലക്ഷം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. അറുപത്തിയേഴര ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 94,086 ടിക്കറ്റുകളാണ് വില്‍ക്കാതെ അവശേഷിച്ചത്.
തിരുവോണം ബംപര്‍ ടിക്കറ്റെടുത്തവരുടെയൊക്കെ നെഞ്ചിടിപ്പേറ്റുന്ന ദിവസമാണിന്ന്. ഒന്നാം സമ്മാനം 25 കോടിയായതിനാല്‍ ചിലരൊക്കെ ഒന്നിലേറെ ടിക്കറ്റുകളുമെടുത്തിട്ടുണ്ട്. ടിക്കറ്റ് വില 500 രൂപയായതിനാല്‍ പങ്കുചേര്‍ന്ന് ടിക്കറ്റെടുത്തവരുമുണ്ട്.
വില കൂടുതലാണെങ്കിലും സമ്മാനങ്ങള്‍ ആകര്‍ഷകമായതിനാല്‍ ഇത്തവണ തിരുവോണം ബംപറിന്‍റെ വില്‍പന കുതിച്ചുകയറി. ഒന്നാം സമ്മാനം 25 കോടിയാണെങ്കിലും ഏജന്‍സി കമ്മീഷനും നികുതിയുമെല്ലാം കിഴിച്ച് ബംപറടിക്കുന്നയാള്‍ക്ക് കയ്യില്‍ കിട്ടുന്നത് 15 കോടി 75 ലക്ഷം രൂപയാണ്. അഞ്ചുകോടിയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരുകോടിവീതം പത്തുപേര്‍ക്കും. നാലാം സമ്മാനമായി ഒരു ലക്ഷം വീതം 90 പേര്‍ക്ക് കിട്ടും. ആകെ നാലുലക്ഷം പേര്‍ക്ക് സമ്മാനമുണ്ട്.
ഞായറാഴ്ച ആയതിനാല്‍ ബംപറടിക്കുന്നയാള്‍ ഇന്നുതന്നെ വെളിച്ചത്തു വരാന്‍ സാധ്യത കുറവാണ്. ടിക്കറ്റിന് പിന്നില്‍ ഒപ്പിട്ട് ബാങ്ക് അധികൃതര്‍ക്കോ ലോട്ടറി വകുപ്പ് അധികൃതര്‍ക്കോ കൈമാറിയശേഷമാണ് സമീപകാലത്തെല്ലാം ബംപര്‍ ജേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തിരുവോണം ബംപര്‍ നറുക്കെടുക്കുന്നതിന് പിന്നാലെ 10 കോടി ഒന്നാം സമ്മാനമുള്ള പൂജാ ബംപര്‍ ഇന്ന് പുറത്തിറക്കും. 250 രൂപയാണ് ടിക്കറ്റ് വില.
