
മുംബൈ: സ്‌കൂളിലെ ലിഫ്റ്റിൽ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം. നോർത്ത് മുംബൈയിലെ മലാഡിൽ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലിഷ് ഹൈസ്‌കൂളിലെ അധ്യാപിക ജിനൽ ഫെർണാണ്ടസ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.
ഉച്ചയ്ക്ക് ഒരു മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താൻ ആറാം നിലയിൽ കാത്തുനിൽക്കുകയായിരുന്നു ജിനൽ ഫെർണാണ്ടസ്. ലിഫ്റ്റിൽ കയറിയ ഉടൻ വാതിലുകൾ അടയുകയും ജിനൽ ഇടയിൽ കുടുങ്ങുകയുമായിരുന്നെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ വിശാൽ ഠാക്കൂർ പറഞ്ഞു. ഉടൻ തന്നെ ജീവനക്കാരെത്തി, ജിനലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടമരണം തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
