തലയോട്ടിയില്ലാത്ത ഭ്രൂണവുമായി യുവതി യാത്ര ചെയ്തത് 2250 കിലോമീറ്റർ; ഗർഭച്ഛിദ്രത്തിന് അനുമതി ലഭിച്ചില്ല!

ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് തലയോട്ടിയില്ലാത്ത ഭ്രൂണം ഗർഭത്തിൽ ചുമന്ന് യുവതിക്ക് സഞ്ചരിക്കേണ്ടി വന്നത് 2250 കിലോമീറ്റർ. ലൂസിയാന സ്വദേശിനിയായ നാൻസി ഡേവിസാണ് ജീവിക്കാൻ സാധ്യതയില്ലാത്ത ഭ്രൂണത്തെ ഗർഭച്ഛിദ്രം ചെയ്യുന്നതിനായി ഏറെ കഷ്ടതകൾ അനുഭവിക്കേണ്ടിവന്നത്. നാൻസിയുടെ നാലാമത്തെ കുഞ്ഞാണിത്.

ഗർഭത്തിന്റെ പത്താം ആഴ്ച പിന്നിടുമ്പോഴാണ് അക്രാനിയ എന്ന രോഗാവസ്ഥ ഭ്രൂണത്തിനുള്ളതായി കണ്ടെത്തിയത്. ഗർഭപാത്രത്തിനുള്ളിൽവച്ച് ഭ്രൂണത്തിന് തലയോട്ടി കൃത്യമായി രൂപപ്പെടാതിരിക്കുകയും അതുവഴി തലച്ചോറിന് നാശം സംഭവിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അക്രാനിയ. ഈ അവസ്ഥയിലുള്ള കുഞ്ഞ് ഗർഭകാലം പൂർത്തിയാക്കി ജനിക്കുകയാണെങ്കിൽ പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കും എന്ന് ഫീറ്റൽ മെഡിസിൻ ഫൗണ്ടേഷൻ അറിയിക്കുന്നു.

എന്നാൽ കുഞ്ഞിന്റെ നില അപകടകരമാണെന്ന് വൈദ്യ സ്ഥിരീകരണം ലഭിച്ചിട്ടും സംസ്ഥാനത്തിന്റെ ഗർഭച്ഛിദ്ര നിരോധന നിയമം മൂലം ലൂസിയാനയിൽ ഗർഭച്ഛിദ്രം നടത്താൻ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. തലയോട്ടിയില്ലാത്ത കുഞ്ഞിനെയും ഗർഭത്തിൽ ചുമന്നുകൊണ്ട് വീണ്ടും ആറാഴ്ചക്കാലമാണ് നാൻസിക്ക് കാത്തിരിക്കേണ്ടി വന്നത്. ഒടുവിൽ ഗർഭച്ഛിദ്രത്തിന് നിയമാനുമതിയുള്ള മാൻഹട്ടനിലേക്ക് ദീർഘദൂര യാത്രയും നടത്തേണ്ടി വന്നു.

ഒരുതരത്തിലും തനിക്ക് ജീവനോടെ ലഭിക്കില്ല എന്ന് അറിയുന്ന കുഞ്ഞിനെയും ഗർഭത്തിൽ വഹിച്ചുകൊണ്ട് കഴിയേണ്ടി വന്ന ആറാഴ്ചക്കാലം ജീവിതത്തിൽ ഏറ്റവും അധികം മാനസിക ആഘാതങ്ങൾ അനുഭവിച്ച ദിനങ്ങളായിരുന്നുവെന്നാണ് ഗർഭച്ഛിദ്രത്തിനു ശേഷം നാൻസിയുടെ പ്രതികരണം. ശാരീരികവും മാനസികവുമായി താൻ അനുഭവിച്ച വിഷമതകൾ വിവരിക്കാനാവുന്നതിലും അപ്പുറമാണ്. ഗർഭച്ഛിദ്രം നടത്തുന്നതാണ് ഉചിതമായ തീരുമാനം എന്ന് അറിയാമായിരുന്നിട്ടുകൂടി വൈകാരികമായി താൻ തകർന്നു പോയിരുന്നു എന്നും നാൻസി പറയുന്നു.

തന്റെ കുഞ്ഞിനെ നിർബന്ധിതമായി ഗർഭത്തിൽ ചുമന്ന് പിന്നീട് അതിന്റെ ശവസംസ്കാരം നടത്തേണ്ട അവസ്ഥയിലേക്ക് ഒരു സ്ത്രീയെയും തള്ളിവിടരുതെന്ന് നാൻസിയുടെ അഭിഭാഷകനായ ബെൻ ക്രംപ് അഭിപ്രായപ്പെട്ടു.

ഭ്രൂണത്തിന്റെയും നാൻസിയുടെയും അവസ്ഥ മോശമാണെന്ന് അറിഞ്ഞിട്ടും നിയമത്തിന് എതിരായി ഗർഭച്ഛിദ്രം നടത്തിയാൽ തങ്ങൾക്കെതിരെ ക്രിമിനൽകുറ്റം വരുമെന്ന ഭയം മൂലമാണ് ലൂസിയാനയിലെ ഡോക്ടർമാർ അതിന് മടിച്ചത്. മറ്റൊരിടത്ത് പോയി ഗർഭച്ഛിദ്രം നടത്താനുള്ള പണം സമ്പാദിക്കാനാണ് ആറാഴ്ച വേണ്ടിവന്നത്. ഒരുതരത്തിലും ന്യായീകരിക്കാവുന്ന നടപടിയല്ല തനിക്ക് നേരിടേണ്ടി വന്നതെന്നും തന്റെ അവസ്ഥയിലൂടെ മറ്റൊരു സ്ത്രീയും ഒരിക്കലും കടന്നുപോവില്ല എന്ന് പ്രതീക്ഷിക്കുന്നതായും നാൻസി പറയുന്നു.

തലയോട്ടിയില്ലാത്ത ഭ്രൂണവുമായി യുവതി യാത്ര ചെയ്തത് 2250 കിലോമീറ്റർ; ഗർഭച്ഛിദ്രത്തിന് അനുമതി ലഭിച്ചില്ല!

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes