പ്രതിഷേധം ഭയന്ന് ഹോസ്റ്റൽ ഗേറ്റ് പൂട്ടി അധികൃതർ; ചാടിക്കടന്ന് പെൺകുട്ടികൾ

ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെച്ചൊല്ലി പ്രതിഷേധവും സംഘര്‍ഷവും. പെൺകുട്ടികളുടെ പ്രതിഷേധം ശക്തമായതോടെ ഹോസ്റ്റലിന്റെ ഗേറ്റ് അടച്ചുപൂട്ടി. കൂടുതൽ പെൺകുട്ടികൾ ഹോസ്റ്റലിനു പുറത്തേക്കു വന്ന് പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാനാണു ഗേറ്റ് അടച്ചുപൂട്ടിയത്. എന്നാൽ ഗേറ്റ് ചാടിക്കടന്ന് പുറത്തേക്കെത്തി പ്രതിഷേധത്തിനൊപ്പം അണിചേരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പഞ്ചാബ് പൊലീസിലെ മുതിർന്ന ഓഫിസർമാരും മോഹാലി ജില്ലാ ഭരണകൂടവും പെൺകുട്ടികളെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഹോസ്റ്റലിലെ ഒരു പെൺകുട്ടി തന്റെ സ്വകാര്യ ദൃശ്യങ്ങൾ മാത്രമാണു കാമുകന് അയച്ചുകൊടുത്തതെന്നും മറ്റുള്ളവരുടെ ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്നുമാണു പൊലീസ് പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയെന്ന പെൺകുട്ടികളുടെ ആരോപണത്തിനു പിന്നാലെ കസ്റ്റഡിയിൽ എടുത്ത ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പൊലീസ് അറസ്റ്റു ചെയ്തു.

വിദ്യാർഥിനിയുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇത് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. ഉടൻ തന്നെ പെൺകുട്ടിയുടെ കാമുകനെ പിടികൂടുമെന്നും ഇയാളെ കസ്‌റ്റഡിയിൽ എടുത്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂ എന്നും പൊലീസ് അറിയിച്ചു. വിദ്യാർഥിനിയെ കാമുകൻ ഭീഷണിപ്പെടുത്തി മറ്റു പെൺകുട്ടികളുടെ ദൃശ്യങ്ങൾ കൈക്കലാക്കി ഇന്റർനെറ്റിൽ അ‌പ്‌ലോഡ് ചെയ്യുകയായിരുന്നുവെന്ന മറ്റു പെൺകുട്ടികളുടെ ആരോപണവും അന്വേഷിക്കുന്നതായി മൊഹാലി എസ്എസ്‌പി വിവേക് സോണി പറഞ്ഞു.

പ്രതിഷേധം ഭയന്ന് ഹോസ്റ്റൽ ഗേറ്റ് പൂട്ടി അധികൃതർ; ചാടിക്കടന്ന് പെൺകുട്ടികൾ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes