
ഇന്ത്യ–ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് നാളെ തുടക്കം. ആദ്യമല്‍സരം നാളെ മൊഹാലിയില്‍ നടക്കും. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചശേഷം നടക്കുന്ന ട്വന്റി 20 പരമ്പരയായതിനാല്‍ ഇന്ത്യയ്ക്കിത് തയാറെടുപ്പ് മല്‍സരമാണ്.
പേസ് ബോളര്‍ അര്‍ഷ്ദിപ് സിങ്ങ് ഒഴികെ ട്വന്റി 20 ലോകകപ്പ് ടീം അംഗങ്ങളെല്ലാം ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലുണ്ട്. ഏഷ്യകപ്പില്‍ കളിക്കാന്‍ സാധിക്കാതിരുന്ന ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തിയത് ബോളിങിന് കരുത്താകും. ലോകകപില്‍ ടീം ഇന്ത്യയുടെ പ്ലയിങ് ഇലവനിലെ ഓള്‍റൗണ്ടറെ കണ്ടെത്തുക കൂടി ഈ പരമ്പരയുടെ ലക്ഷ്യമാണ്. ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍ ഈ മൂന്നില്‍ ഒരാള്‍ക്ക് മികവ് തെളിയിച്ചാല് പ്ലയിങ് ഇലവനിലെത്താം.
ലോകകപ്പിന് രോഹിത്–രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ആയിരിക്കുമെങ്കിലും ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്കുള്ള ആറുമല്‍സരങ്ങളില്‍ ചിലതിലെല്ലാം വിരാട് കോലി ഓപ്പണര്‍ ഇറങ്ങാനുള്ള സാധ്യതയുണ്ട്. ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഓപ്പണറായി ഇറങ്ങിയ കോലി സെഞ്ചുറി അടിച്ച് ഫോം വീണ്ടെടുത്തത് ഇന്ത്യയുടെ ബാറ്റിങ് നിരക്ക് ആത്മവിശ്വാസംകൂട്ടി. ആരണ്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്ത്,മാക്സ്‌വെല്‍, മാത്യു വേഡ്, എന്നിവര്‍ ബാറ്റിങ്ങിലും ഹെയ്്സല്‌വുഡ്,പാറ്റ് കമ്മിന്‍സ്, ആദം സാംബ, ആഷ്ടണ്‍ ആഗര്‍ എന്നിവര്‍ ബോളിങിലും അണിനിരക്കുമ്പോള്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.
