
കൊല്ലം: വീട് ജപ്‌തി ചെയ്യാനായി നോട്ടീസ് പതിച്ചതിന്റെ വിഷമത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
കൊല്ലം ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമിയെ(18) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ കുടിശ്ശികയുമായി ബന്ധപ്പെട്ട് ജപ്‌തി നോട്ടീസ് വീട്ടിൽ പതിച്ച ദുഃഖത്തിലാണ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചത്.
സംഭവം ദൗർഭാഗ്യകരമാണെന്നും സഹകരണമന്ത്രി വിഷയത്തിൽ ഉടൻ ഇടപെടണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി.
നാല് വർഷം മുൻപേ എടുത്ത ലോൺ അഭിരാമിയുടെ പിതാവായ അജികുമാർ കൃത്യമായി അടച്ചു വന്നിരുന്നതായാണ് നാട്ടുകാർ അറിയിക്കുന്നത്. എന്നാൽ ഭാര്യയ്ക്ക് രോഗം ബാധിച്ചതോടെ കുടുംബം സാമ്പത്തികമായ ബുദ്ധിമുട്ടിലായി. കഴിഞ്ഞ മാർച്ച് മാസത്തിലും കുടിശ്ശിക ഇനത്തിൽ ഒന്നര ലക്ഷം രൂപ ബാങ്കിൽ തിരിച്ചടച്ചിരുന്നു. ബാക്കി പണം തിരിച്ചടയ്ക്കാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരാകരിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് അധികൃതരെത്തി വീടും വസ്തുവകകളും ബാങ്ക് ഏറ്റെടുത്തതായി കാണിച്ചു കൊണ്ടുള്ള ബോർഡ് വീടിന് മുൻപിൽ സ്ഥാപിക്കുകയായിരുന്നു.
കോളേജ് കഴിഞ്ഞെത്തിയ അഭിരാമി പ്രസ്തുത ബോർഡ് കണ്ട് ജപ്‌തി വിവരം അറിഞ്ഞ ശേഷമാണ് തൂങ്ങിമരിച്ചത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുക അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
