
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകര്‍ന്നത് അസാധാരണ സംഭവമെന്ന് തമിഴ്നാട്. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങലപൊട്ടി കോണ്‍ക്രീറ്റ് ബീം അടര്‍ന്ന് മാറിയതാണ് ഷട്ടര്‍ തകരാനുള്ള കാരണം. പത്ത് ദിവസത്തിനകം പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്നും ജലവിഭവമന്ത്രി ദുരൈ മുരുകന്‍ പറമ്പിക്കുളത്തെ പരിശോധനയ്ക്ക് ശേഷം പറഞ്ഞു.
ഷട്ടര്‍ തകര്‍ന്ന് മാറിയ അനുഭവം ഇതിന് മുന്‍പ് ഒരിടത്തും സംഭവിച്ചതായി അറിയില്ല. അസാധാരണമെന്ന് തോന്നുന്ന കാര്യങ്ങളാണ് പറമ്പിക്കുളത്തുണ്ടായത്. ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വെള്ളമൊഴുക്ക് നിയന്ത്രിക്കാനാകും വരെ കരുതല്‍ വേണം. മൂന്ന് ദിവസമെങ്കിലും കഴിയണം ഡാമിലെ വെള്ളം ഷട്ടറിന്റെ പരിധിയ്ക്ക് താഴെയെത്താന്‍. അഞ്ചര ടിഎംസി വെള്ളം ഇതിനകം ഒഴുകിപ്പോയിട്ടുണ്ടെന്നാണ് കണക്ക്. തമിഴ്നാട് ഏറെ ഗൗരവമായാണ് വിഷയത്തെ കാണുന്നത്.
കൃത്യമായ സമയത്ത് കേരളത്തെ കാര്യങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞെന്നും മികച്ച സഹകരണമുണ്ടായെന്നും ദുരൈ മുരുകന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ആശയവിനിമയത്തില്‍ വീഴ്ചയുണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചതായും അദ്ദേഹം അറിയിച്ചു. തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജി, കേരളത്തെ പ്രതിനിധീകരിച്ച് നെന്മാറ എംഎല്‍എ കെ.ബാബുവും ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
