
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ ബൈക്കിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. എയർപോർട്ടിലെ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന എ നിവേദിനുനേരെയായിരുന്നു അക്രമം. പരുക്കുകളോടെ നിവേദിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉളിയില്‍ കെഎസ്ആര്‍ടിസി ബസിനുനേരെയും അക്രമമുണ്ടായി. കല്ലേറില്‍ 15കാരിക്ക് പരുക്കേറ്റു. കണ്ണൂരില്‍ ചരക്കുലോറിയുടെ താക്കോല്‍ ഊരിയെടുത്തു.
കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപകമായി അക്രമമുണ്ടായി. ലോറികളും ആക്രമിച്ചു. യാത്രക്കാരെ അസഭ്യംപറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയത്. കോഴിക്കോടും തിരുവനന്തപുരം ബാലരാമപുരത്തും കെഎസ്ആർടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍മാരുടെ കണ്ണിന് പരുക്കേറ്റു.
കോഴിക്കോടും വയനാട് കല്‍പറ്റ ഡിപ്പോയിലും കെഎസ്ആർടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ കട അടിച്ചുതകര്‍ത്തു. കോഴിക്കോട് നടക്കാവില്‍ ഹോട്ടലിനുനേരെയും കല്ലേറുണ്ടായി. ഇൗരാറ്റുപേട്ടയില്‍ സംഘര്‍ഷമുണ്ടായി. യാത്രക്കാരനെ മര്‍ദിക്കാന്‍ ഹര്‍ത്താലനുകൂലികള്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തിവീശി.
