മിന്നൽ ഹര്‍ത്താലുകള്‍ നിയമവിരുദ്ധം; ഉരുക്കുമുഷ്ടികൊണ്ട് നേരിടണം: ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്നഹൈക്കോടതിയുടെ മുന്‍ ഉത്തരവിന്‍റെ ലംഘനമാണ് ഇന്ന് നടന്നത്. കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കും. അക്രമം തടയാന്‍ അടിയന്തരനടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചും, വ്യാപക അക്രമം നടത്തിയുമുള്ള ഹര്‍ത്താല്‍ ഒരുകാരണവശാലും അംഗീകരിക്കനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താലിലെ നാശനഷ്ടങ്ങളുടെ കണക്ക് സര്‍ക്കാര്‍ അറിയിക്കണം. ഈ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കാനുള്ള നടപടി എടുക്കുമെന്നും കോടതി പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. കണ്ണൂരില്‍ പെട്രോള്‍ ബോംബെറിഞ്ഞു. കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപകമായി അക്രമമുണ്ടായി. ലോറികളും ആക്രമിച്ചു. യാത്രക്കാരെ അസഭ്യംപറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയത്. കോഴിക്കോടും തിരുവനന്തപുരം ബാലരാമപുരത്തും കെഎസ്ആര്‍ടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍മാരുടെ കണ്ണിന് പരുക്കേറ്റു. കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസിനുനേരേയുണ്ടായ കല്ലേറില്‍ 15കാരിക്ക് പരുക്കേറ്റു. കണ്ണൂരില്‍ ചരക്കുലോറിയുടെ താക്കോല്‍ ഊരിയെടുത്തു.ഇടുക്കി നെടുംങ്കണ്ടത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ യൂണിയന്‍ ബാങ്ക് അടപ്പിച്ചു. കോഴിക്കോടും വയനാട് കല്‍പറ്റ ഡിപ്പോയിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ കട അടിച്ചുതകര്‍ത്തു. കോഴിക്കോട് നടക്കാവിലും കൊച്ചി നെടുമ്പാശേരിയിലും ഹോട്ടലുകള്‍ക്കുനേരെ പ്രതിഷേധമുണ്ടായി. നെടുമ്പാശേരിയില്‍ ഭക്ഷണം കഴിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് പരുക്കേറ്റു. ഹോട്ടലിനുമുന്‍പില്‍ നിര്‍ത്തിയിട്ട ബൈക്കും അടിച്ചുതകര്‍ത്തു. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമികള്‍. ഇൗരാറ്റുപേട്ടയില്‍ സംഘര്‍ഷമുണ്ടായി. യാത്രക്കാരനെ മര്‍ദിക്കാന്‍ ഹര്‍ത്താലനുകൂലികള്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തിവീശി. കോഴിക്കോട് നഗരത്തില്‍ ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുത്തു. കോഴിക്കോട് ജില്ലയിലാകെ പതിനൊന്ന് പേര്‍ കരുതല്‍ തടങ്കലിലുണ്ട്.

മിന്നൽ ഹര്‍ത്താലുകള്‍ നിയമവിരുദ്ധം; ഉരുക്കുമുഷ്ടികൊണ്ട് നേരിടണം: ഹൈക്കോടതി
മിന്നൽ ഹര്‍ത്താലുകള്‍ നിയമവിരുദ്ധം; ഉരുക്കുമുഷ്ടികൊണ്ട് നേരിടണം: ഹൈക്കോടതി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes