‘എഴുന്നേറ്റുപോകാം; തെറി വിളിക്കാനുള്ള സ്വാതന്ത്ര്യമില്ല’: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി മുന്നോട്ട്

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിന് നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരി. ശ്രീനാഥ് ഭാസി ക്ഷമ പറയുമെന്നാണ് കരുതിയത് എന്നും അതുണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും പരാതിക്കാരി പറഞ്ഞു.

‘ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ചട്ടമ്പി സിനിമയുടെ അണിയറ പ്രവർത്തകർ വിഷയത്തിൽ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യവുമായി സമീപിച്ചിരുന്നു. ശ്രീനാഥ് ഭാസി ക്ഷമ പറയുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടാകാത്ത സാഹചര്യത്തിലാണ് പൊലീസിൽ പരാതി നൽകിയത്. പരാതി നല്‍കിയതിനു പിന്നാലെ അഭിമുഖം നടത്തിയ സ്ഥലം കാണിച്ചുകൊടുക്കാന്‍ തന്റെ ഒപ്പമുണ്ടായിരുന്നവർക്ക് പോകേണ്ടി വന്നു. എന്നാൽ ആ ഘട്ടത്തിലും സിനിമയുടെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായത്. ക്ലിക്ക് ബൈറ്റിനു വേണ്ടി എന്ത് തോന്നിവാസവും കാണിക്കുന്നവരല്ലേ നിങ്ങൾ എന്ന് പറഞ്ഞ് ആക്ഷേപിച്ചു’– എന്നാണ് പരാതിക്കാരി പറയുന്നത്.

‘അഭിമുഖം നടന്നപ്പോൾ ശ്രീനാഥ് ഭാസി മദ്യപിച്ചിരുന്നോ എന്നറിയില്ല, തനിക്കൊപ്പമുണ്ടായിരുന്നവർ പറയുന്നത് ലഹരി പോലെ എന്തോ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നാണ്. കാരണം പെട്ടെന്നാണ് ശ്രീനാഥ് ഭാസിയിൽ നിന്ന് ഇത്തരത്തിലൊരു പ്രതികരണമുണ്ടായത്. ഒരു സാധാരണ മനുഷ്യന് അത്രയും തെറി ഒരു കാരണവും ഇല്ലാതെ പറയാൻ പറ്റില്ല. പരാതിയുമായി മുന്നോട്ടു തന്നെ പോകും. സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും കുടുംബത്തിന്റെ ഭാഗത്തുനിന്നും സപ്പോർട്ടുണ്ട്. മറ്റ് അവതാരകരോടും ശ്രീനാഥ് ഭാസി ഇത്തരത്തില്‍ പെരുമാറിയ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഇനി ഇങ്ങനെ ആരോടും അയാൾ പെരുമാറാൻ പാടില്ല. ചോദ്യങ്ങൾ ചോദിക്കുമ്പോൾ വേണമെങ്കിൽ അയാൾക്ക് എഴുന്നേറ്റ് പോകാനുള്ള സ്വാതന്ത്യമുണ്ട്. എന്നാൽ മറ്റുള്ളവരെ തെറിവിളിക്കാനുള്ള സ്വാതന്ത്ര്യമില്ല’– പരാതിക്കാരി കൂട്ടിച്ചേർത്തു.

സംഭവത്തില്‍ മരട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ശ്രീനാഥ് ഭാസിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് മരട് പൊലീസ് അറിയിച്ചിട്ടുണ്ട്.

‘എഴുന്നേറ്റുപോകാം; തെറി വിളിക്കാനുള്ള സ്വാതന്ത്ര്യമില്ല’: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി മുന്നോട്ട്

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes