
കോമ അവസ്ഥയിലാണെന്ന് തെറ്റിദ്ധരിച്ച് മരിച്ചയാളുടെ മൃതദേഹം 18 മാസത്തോളം വീട്ടിൽ സൂക്ഷിച്ച് കുടുംബം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ മൃതദേഹം ഭാര്യയാണ് വീട്ടിൽ സൂക്ഷിച്ചത്. മാനസികമായി വെല്ലുവിളി നേരിടുന്നയാളാണ് ഇവർ. ഭർത്താവ് മരിച്ചിട്ടില്ലെനംനു കോമയിലാണെന്നും കരുതി മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.
കോമയിൽ നിന്ന് തിരിച്ചുവരുമെന്ന് വിശ്വസിച്ച് 18 മാസക്കാലത്തോളം മൃതദേഹത്തിൽ എന്നും രാവിലെ ഇവർ ഗംഗാജലം തളിച്ചുകൊടുത്തുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ ആശുപത്രി നൽകിയ മരണ സർട്ടിഫിക്കറ്റിൽ 2021 ഏപ്രിൽ 22 ന് പെട്ടെന്നുള്ള കാർഡിയാക് റെസ്പിറേറ്ററി സിൻഡ്രോം മൂലമാണ് ദീക്ഷിത് മരിച്ചതെന്നാണ് റിപ്പോർട്ട്. ആദായനികുതി വകുപ്പിൽ ജോലി ചെയ്തിരുന്ന വിംലേഷ് ദീക്ഷിത് കഴിഞ്ഞ വർഷം ഏപ്രിലിൽ മരിച്ചെങ്കിലും കോമയിലാണെന്ന് വിശ്വസിച്ചതിനാൽ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടത്താൻ തയ്യാറായില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ അലോക് രഞ്ജൻ പറഞ്ഞു.
കുടുംബ പെൻഷൻ ഫയലുകൾക്കുള്ള അപേക്ഷകൾ ഒന്നും ലഭിക്കാത്തതിന് പിന്നാലെ കാൻപൂരിലെ ആദായനികുതി ഉദ്യോഗസ്ഥർ തന്നെ വിളിക്കുകയായിരുന്നുവെന്നാണഅ അലോക് രാജൻ പറയുന്നത്. പോലീസുകാർക്കും മജിസ്‌ട്രേറ്റിനുമൊപ്പം ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു സംഘം വെള്ളിയാഴ്ച റാവത്പൂർ ഏരിയയിലെ ദീക്ഷിതിന്റെ വീട്ടിലെത്തിയപ്പോൾ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും കോമയിലാണെന്നും കുടുംബാംഗങ്ങൾ വാദിച്ചു. ഏറെ നിർബന്ധിച്ചതിന് ശേഷം, മൃതദേഹം ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ആരോഗ്യ സംഘത്തെ അനുവദിച്ചു, അവിടെ വൈദ്യപരിശോധനയിൽ അദ്ദേഹം മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വിഷയം സമഗ്രമായി പരിശോധിക്കാൻ മൂന്നംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ കണ്ടെത്തലുകൾ എത്രയും വേഗം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിഎംഒ അറിയിച്ചു. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാർ ഓക്സിജൻ സിലിണ്ടറുകൾ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പലപ്പോഴും കാണാറുണ്ടെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞു.
