
കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ 16 വയസ്സുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷം റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചു. സംഭവത്തിൽ യുപി സ്വദേശികളായ ഇകറാർ ആലം (18), അജാജ് (25) എന്നിവരെ പൊലീസ് പിടികൂടി. ഇവരെ സഹായിച്ച ഷക്കീൽ ഷാ (42), ഇർഷാദ് എന്നിവരും പിടിയിലായി. പ്രതികളെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും
ചെന്നൈയിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. യാത്രയ്ക്കിടെ നാലംഗസംഘത്തെ പരിചയപ്പെട്ടു. ഇതില്‍ ഒരാളുമായി പ്രണയത്തിലായി. തുടര്‍ന്ന് യുവാക്കള്‍ക്കൊപ്പം കോഴിക്കോട്ടെത്തി. പ്രണയത്തിലായ യുവാവിനൊപ്പം മുറിയെടുത്ത് താമസിച്ചു. പിറ്റേന്ന് പെണ്‍കുട്ടിയെയും കൂട്ടി യുവാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ചെന്നൈയിലേക്ക് കയറ്റിവിടുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം.
എന്നാല്‍ ഇതറിഞ്ഞ പെണ്‍കുട്ടി ബഹളം വച്ചു. ബഹളം കേട്ടെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പെണ്‍കുട്ടിയെയും യുവാക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ആർപിഎഫ് ഇവരെ കസബ പൊലീസിന് കൈമാറി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
കസബ പൊലീസ്, ഉത്തര്‍പ്രദേശ് പൊലീസിനുമായി ബന്ധപ്പെട്ടപ്പോൾ ഗാസിപ്പുര്‍ ജില്ലയിലെ ബിര്‍ണോ പൊലീസ് സ്റ്റേഷനില്‍ ഒരു പെണ്‍കുട്ടിയെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതായി അറിയിച്ചു. ആ പെണ്‍കുട്ടി തന്നെയാണ് ഇത് എന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
