
അങ്കിത ഭണ്ഡാരിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധം. #JusticeForAnkita എന്ന ഹാഷ്ടാഗോടെയാണ് അങ്കിതയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉയരുന്നത്. കേസിൽ അറസ്റ്റിലായ പ്രതി പുൽകിത് ആര്യയുടെ പിതാവ് വിനോദ് ആര്യയെയും സഹോദരൻ അങ്കിത് ആര്യയെയും ബിജെപിയിൽനിന്ന് പുറത്താക്കി. സംഭവം നടന്ന റിസോർട്ടിന് നാട്ടുകാർ തീയിട്ടു. റിസോർട്ടിന്റെ ഒരുഭാഗം ഇന്നലെ സർക്കാർ പൊളിച്ചുനീക്കിയിരുന്നു. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. പ്രതിഷേധക്കാർ ബിജെപി എംഎൽഎ രേണു ബിഷ്ടിന്റെ കാറും തകർത്തു. പൊലീസുകാർ രേണുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഋഷികേശിനടുത്തുള്ള റിസോർട്ടിൽ വച്ച് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ (19) കൊലപ്പെടുത്തിയെന്നാണ് കേസ്. തിങ്കളാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. അങ്കിതയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. റിസോർട്ടിൽ എത്തുന്നവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. എട്ടു വർഷം മുൻപ് റിസോർട്ടിൽ നിന്ന് പ്രിയങ്ക എന്നു പേരായ പെൺകുട്ടിയുടെ തിരോധാനവും വീണ്ടും ചർച്ചയാകുന്നുണ്ട്. ഈ പെൺകുട്ടിയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പ്രിയങ്കയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
