
ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക് . ഹൈദരാബാദ് ട്വന്റി20യില്‍ ഇന്ത്യ ആറുവിക്കറ്റിന് വിജയിച്ചു. ഓസ്ട്രേലിയ 186/7, ഇന്ത്യ 187/4. ഓസ്ട്രേലിയ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. സൂര്യകുമാർ യാദവ് (36 പന്തിൽ 69), വിരാട് കോലി (48 പന്തിൽ 63) എന്നിവരുടെ അർധസെഞ്ചറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും (16 പന്തിൽ 25*) മികച്ച പിന്തുണ നൽകി.
അവസാന ഓവറിൽ 11 റൺസാണ് വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി കോലി ആവേശമുയർത്തി. പക്ഷേ തൊട്ടടുത്ത പന്തിൽ ഫിഞ്ചിനു ക്യാച്ച് നൽകി കോലി മടങ്ങി. ജയത്തിൽ പിന്നെ വേണ്ടത് നാല് പന്തിൽ അഞ്ച് റൺസ്. പിന്നാലെ ക്രീസിലെത്തിയ ദിനേഷ് കാർത്തിക് ആദ്യ പന്തിൽ സിംഗിൾ നേടി സ്ട്രൈക് ഹാർദിക്കിന് കൈമാറി. ഇനി വേണ്ടത് 3 പന്തിൽ 4 റൺസ്. തൊട്ടടുത്ത പന്ത് ഡോട്ട് ബോളായതോടെ സമ്മർദമേറി. എന്നാൽ അഞ്ചാം പന്ത് യോർക്കർ എറിയാനുള്ള ഡാനിയൽ സാംസിന്റെ ശ്രമം പാളി പന്ത് ബൗണ്ടറി കടന്നതോടെ ഇന്ത്യയ്ക്ക് ആവേശ ജയം.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസ് എടുത്തത്. അർധസെഞ്ചറി നേടിയ ടിം ഡേവിഡ് (27 പന്തിൽ 54), ഓപ്പണർ കാമറൂൺ ഗ്രീൻ (21 പന്തിൽ 52) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസീസ് ഉയർന്ന സ്കോർ നേടിയത്.മറ്റ് ഓസീസ് ബാറ്റർമാരിൽ ജോഷ് ഇംഗ്ലിസ് (22 പന്തിൽ 24), ഡാനിയർ സാംസ് (20 പന്തിൽ 28) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (6 പന്തിൽ 7), സ്റ്റീവൻ സ്മിത്ത് (10 പന്തിൽ 9), ഗ്ലെൻ മാക്‌സ്‌വെൽ (11 പന്തിൽ 6), മാത്യു വെയ്ഡ് (3 പന്തിൽ 1), പാറ്റ് കമ്മിൻസ് (0) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ മൂന്നു വിക്കറ്റും ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജസ്പ്രീത് ബുമ്ര നാല് ഓവറിൽ 50 റൺസ് വഴങ്ങിയത് ഇന്ത്യയ്ക്ക് പ്രഹരമായി. ബോളർമാരിൽ ഏറ്റവുമധികം റൺസ് വിട്ടുകൊടുത്ത ബുമ്രയ്ക്ക് വിക്കറ്റൊന്നും നേടാനുമായില്ല.
