
‘
ബിഗ് ബോസ് മലയാളത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് വരുന്ന രണ്ട് പേരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് സീസൺ വണ്ണിൽ മത്സരാർഥികളായി വന്ന് ഹൃദയം കവർന്ന രണ്ട് ടെലിവിഷൻ സെലിബ്രിറ്റികളായിരുന്നു ഇരുവരും.
പേളി അവതാരക എന്ന രീതിയും ശ്രീനിഷ് അരവിന്ദ് സീരിയൽ താരമാമെന്ന ലേബലിലുമാണ് ബിഗ് ബോസിൽ പങ്കെടുക്കാനെത്തിത്. ഡി ഫോർ ഡാൻസ് അടക്കമുള്ള പരിപാടികൾ അവതരിപ്പിച്ച് ബിഗ് ബോസിൽ എത്തുന്നതിന് മുമ്പ് തന്നെ ആരാധകരെ സമ്പാദിച്ചിരുന്നു പേളി മാണി.
ഇരുവരും ബിഗ് ബോസിൽ വെച്ചാണ് ആദ്യം കണ്ട് മുട്ടിയത്. പരിചയം സൗഹൃദത്തിലേക്കും പിന്നീട് ഷോ അവസാനിക്കും മുമ്പ് പ്രണയത്തിലേക്കും വഴിമാറി. മറ്റ് ഭാഷകളിലെ ബിഗ് ബോസിൽ പതിവായി നടക്കുന്ന ഒന്നാണ് മത്സരാർഥികൾ ഹൗസിനുള്ളിൽ വെച്ച് പ്രണയത്തിലാകുന്നത്. അത്തരത്തിൽ സംഭവിച്ച ചില പ്രണയങ്ങൾ ഗെയിം ജയിക്കാൻ വേണ്ടി മാത്രം ഉള്ളതായിരുന്നു.
വിവാഹം വരെ എത്തിയ ചില ബന്ധങ്ങളാകട്ടെ വൈകാതെ തകരുകയും ചെയ്തു. അതുകൊണ്ട് തന്നെ ഹൗസിനുള്ളിൽ വെച്ച് പേളിയും ശ്രീനിഷും തങ്ങൾ പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയപ്പോൾ ഇതൊക്കെ ഗെയിം പ്ലാനിന്റെ ഭാഗമാണെന്ന് ചിലർ കളിയാക്കി.
ആരാധകരെ ഉണ്ടാക്കാനുള്ള അടവാണെന്ന് ഹൗസിലെ മറ്റ് അംഗങ്ങളും നിരവധി പ്രേക്ഷകരും കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. പുറത്തിറങ്ങിയപ്പേഴക്കും പതിന്മടങ്ങായി ഇരുവരുടേയും പ്രണയം ശക്തി പ്രാപിച്ചു. പിന്നീട് വൈകാതെ ഇരുവരും വിവാഹനിശ്ചയം നടത്തുകയും വിവാഹിതരാകുകയും ചെയ്തു.
രണ്ട് മതാചാരപ്രകാരവും ആഘോഷമായിട്ടാണ് വിവാഹം നടന്നത്. ബിഗ് ബോസിന് ശേഷം ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന സെലിബ്രിറ്റി കപ്പിളായി ഇരുവരും മാറി.
ഇപ്പോൾ ഇരുവരും യുട്യൂബ് ചാനലും ചാറ്റ് ഷോയും ആങ്കറിങും അഭിനയവുമെല്ലാമായി സജീവമാണ്. ഇരുവർക്കും നില എന്നൊരു മകൾ കൂടിയുണ്ട്.
അച്ഛനേയും അമ്മയേയും പോലെ തന്നെ നിലയും ഇപ്പോൾ ഒരു കൊച്ചു സെലിബ്രിറ്റിയാണ്. പൃഥ്വിരാജ്, ആര്യ, അനുഷ്ക ശർമ തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ കുഞ്ഞുങ്ങളെ സോഷ്യൽമീഡിയയിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയാണ്.
വളരെ വിരളമായി മാത്രമാണ് തങ്ങളുടെ പൊന്നോമനകളുടെ ചിത്രങ്ങൾ ഈ സെലിബ്രിറ്റികൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളു. ഇപ്പോൾ അവർ കളിച്ച് നടക്കേണ്ട പ്രായമാണെന്നും സോഷ്യൽമീഡിയ ഫെയിമും അറ്റൻഷനും അവരുടെ പ്രൈവസിക്ക് പോറലേൽപ്പിക്കുമെന്നും അതിനാലാണ് കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാത്തത് എന്നുമാണ് പൃഥ്വിരാജ് അടക്കമുള്ളവർ പറഞ്ഞിട്ടുള്ളത്.
എന്നാൽ പേളിയും ശ്രീനിഷും ഗർഭിണിയായിരുന്ന സമയം മുതലുള്ള വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. മകൾ നിലയ്ക്കായി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. പേളിയും ശ്രീനിഷും തന്നെയാണ് അത് കൈകാര്യം ചെയ്തിരിക്കുന്നത്.
മകളെ പ്രൈവറ്റാക്കി വെക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പേളി. ‘ബിഗ് ബോസിൽ പോയപ്പോൾ തന്നെ എന്റെ പ്രൈവസി പോയി. എനിക്ക് പ്രവൈസി വേണമെന്നുള്ള ഒരാളല്ല ഞാൻ. എനിക്കും ശ്രീനിക്കുമുള്ള ഏറ്റവും വലിയ സ്വത്തെന്ന് പറയുന്നത് പോപ്പുലാരിറ്റിയാണ്. കാറിനും പണത്തിനും വീടിനുമെല്ലാം മുകളിലാണ് പ്രേക്ഷകർ നൽകുന്ന സ്നേഹം.’
‘അതുകൊണ്ടാണ് അവരുടെ മടിയിലേക്ക് ഞങ്ങളുടെ വാവയെ വെച്ചത്. അവളുടെ ഓരോ ചുവടും ഞങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർ കാണണമെന്ന് ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചതാണ്. അവളുടെ പ്രൈവസി പോകുമെങ്കിലും ഞങ്ങൾ വാല്യു ചെയ്യുന്ന കാര്യം അവളും അറിയണമെന്ന് തോന്നി.’
‘നിലയ്ക്ക് ഇതിനോട് താൽപര്യ കുറവ് ഉണ്ടാകിലെന്ന് തോന്നുന്നു. അങ്ങനെ ഭാവിയിൽ വന്നാൽ അവളോട് സംസാരിച്ച് മനസിലാക്കി കൊടുക്കും. ഞങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർഥനയിൽ എപ്പോഴും നിലയുണ്ടാകും’ പേളി പറയുന്നു.
