എന്റെ മോളെ അവസാനമായി ഒരു നോക്ക് കാണിച്ചില്ല; അധികാരികൾ ഞങ്ങളെ ചതിച്ചു’

ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം അവസാനമായി ഒന്നുകാണാൻ തന്നെ സമ്മതിച്ചില്ലെന്ന സങ്കടവുമായി മാതാവ്. അങ്കിതയ്ക്കു നീതി ആവശ്യപ്പെട്ട് ഉത്തരാഖണ്ഡിൽ വൻ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് അമ്മയുടെ വെളിപ്പെടുത്തൽ. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നാണു കേസ്.

‘‘ധൃതിയിലാണു മകളുടെ മൃതദേഹം സംസ്കരിച്ചത്. മകളുടെ അടുത്തേക്കെന്നു പറഞ്ഞ് അധികൃതർ എന്നെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അവർ ഭർത്താവിനെ ബലമായി പിടിച്ചുകൊണ്ടുപോയി. താമസിക്കുന്ന വനപ്രദേശത്തുനിന്ന് എന്നെ ഇവിടേക്കാണ് എത്തിച്ചത്. ഡോക്ടർമാർ വീൽച്ചെയറിൽ ഇരുത്തി. ഇതെന്തിനാണെന്നു ചോദിച്ചെങ്കിലും ആശുപത്രിക്കുള്ളിലേക്കു കൊണ്ടുപോയി. ശേഷം ഞരമ്പിലേക്ക് കുത്തിവയ്പ് നടത്തി ഒരു വിഡിയോയും റെക്കോർഡ് ചെയ്തു’’– ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെപ്പറ്റി അമ്മ പറഞ്ഞു.

‘‘നാലഞ്ച് ആളുകൾ വരികയും അങ്കിതയുടെ സംസ്കാരചടങ്ങ് നടക്കുന്നിടത്തേക്ക് കൊണ്ടുപോകുമെന്നും അറിയിച്ചു. പക്ഷേ അതുണ്ടായില്ല. ഞാൻ അവളുടെ അമ്മയാണെന്നു പറഞ്ഞു. എനിക്ക് അസുഖമൊന്നുമില്ലെന്ന് ആവർത്തിച്ചു. അവരെന്നെ കബളിപ്പിച്ചാണ് ഇവിടെ എത്തിച്ചത്. തദ്ദേശ ഭരണകൂട ഓഫിസിനു മുന്നിൽ എന്നെ ഇരുത്തിയതു വെറും ഷോ ആണ്. ഈ സംഭവത്തിൽ അധികാരികൾ ഞങ്ങളെ ചതിക്കുകയായിരുന്നു’’– അങ്കിതയുടെ അമ്മ വ്യക്തമാക്കി.

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസംതൃപ്തി രേഖപ്പെടുത്തിയ അങ്കിതയുടെ പിതാവും സഹോദരനും അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചു. പിന്നീട് അധികൃതർ അവരെ അനുനയിപ്പിക്കുകയായിരുന്നു. കാണാതായ അങ്കിതയുടെ മൃതദേഹം ശനിയാഴ്ചയാണു ഋഷികേശിനു സമീപം ചീല കനാലിൽനിന്നു കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നാണ് കേസ്. ഹരിദ്വാറിലെ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയാണു കേസിലെ മുഖ്യപ്രതി.

എന്റെ മോളെ അവസാനമായി ഒരു നോക്ക് കാണിച്ചില്ല; അധികാരികൾ ഞങ്ങളെ ചതിച്ചു’

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes