
ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ കെണിയില്‍പെട്ട് പണവും മാനവും പോയെന്നു കരഞ്ഞുപറഞ്ഞു പ്രമുഖ തമിഴ്–തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍ രംഗത്ത്. ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോര്‍ഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളടക്കമുള്ളവര്‍ക്ക് അയച്ചെന്നും നടി വെളിപ്പെടുത്തി.
തമിഴ് സീരിയലകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമായണു ലക്ഷ്മി വാസുദേവന്‍. ഇന്‍സ്റ്റാ റീലുകള്‍ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരം ഇന്നലെ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണു തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തിയത്. 5 ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചുകഴിഞ്ഞ പതിനൊന്നു ഫോണിലേക്കു വന്ന സന്ദേശത്തോടെയാണു തട്ടിപ്പിനു തുടക്കം. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ്പ് ഡൗണ്‍ലോഡായി. പിറകെ ഫോണ്‍ ഹാങായി.നാലുദിവസങ്ങള്‍ക്കുശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങള്‍ ലഭിച്ചതോടെയാണു തട്ടിപ്പിനിരയായെന്നു മനസിലായതെന്നു ലക്ഷ്മി പറയുന്നു
ദിവസങ്ങള്‍ പിന്നിട്ടതോടെ ഭീഷണിയായി. മോര്‍ഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. വൈകാതെ മാതാപിതാക്കളടക്കം വാട്സ് ആപ്പ് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേര്‍ക്കും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ അയച്ചെന്നു ലക്ഷ്മി കരഞ്ഞു പറയുന്നു. സെക്കന്തരാബാദ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും നടി വെളിപ്പെടുത്തി. ഇനി ആരും ഇത്തരം ചതിയില്‍പെടരുതെന്നഭ്യര്‍ഥിച്ചാണു വിഡിയോ സന്ദേശം അവസാനിക്കുന്നത്. സീരിയലുകള്‍ക്കു പുറമെ നിരവധി തമിഴ് ,കന്നഡ, തെലുങ്ക് സിനിമകളിലും ലക്ഷ്മി വേഷമിട്ടിട്ടുണ്ട്.
