
വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് കായംകുളത്ത് ദമ്പതികളെ ഏഴംഗ സംഘം മർദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അക്രമത്തിന് തൊട്ടു മുമ്പ് സംഘം മദ്യപിച്ച് കാറോടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും കായംകുളം പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി കായംകുളം കൊറ്റുകുളങ്ങരയിലായിരുന്നു ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായത്. ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണമെന്ന് എരുവ സ്വദേശികളായ രതീഷും ഭാര്യ രേഷ്മയും പരാതിയിൽ പറഞ്ഞു. രേഷ്മയുടെ ജന്മദിനം ആഘോഷിച്ചശേഷം ബൈക്കിൽ മടങ്ങുകയായിരുന്നു രതീഷും രേഷ്മയും ഇവരുടെ ചില സുഹൃത്തുക്കളും. ഇതിനിടയിൽ ദമ്പതിമാർ സഞ്ചരിച്ച ബൈക്കിൽ ഏഴംഗ സംഘം സഞ്ചരിച്ച കാർ തട്ടി. ഇത് ചോദ്യം ചെയ്തതോടെ കാറിൽ ഉണ്ടായിരുന്നവർ രതീഷിനെയും രേഷ്മയെയും മർദിക്കുകയായിരുന്നു. സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് മനപൂർവം ഇടിപ്പിക്കുകയായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു.
അക്രമത്തിൽ രേഷ്മയുടെ സഹോദരൻ വിഷ്ണു, വിഷ്ണുവിന്റെ സുഹൃത്ത് അപ്പു എന്നിവർക്കും പരുക്കേറ്റു. ആളുകൂടിയതോടെ പ്രതികൾ സ്ഥലത്ത് നിന്നും മുങ്ങി. അപകടത്തിന് മുൻപ് പ്രതികൾ കാറിൽ മദ്യപിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് പോലീസ് ശേഖരിച്ചിട്ടുണ്ട്. ദമ്പതികളെ മർദിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുയാണെന്ന് കായംകുളം പൊലീസ് അറിയിച്ചു.
