
ഉത്തരാഖണ്ഡിലെ വേരുകള്‍ പാലക്കാടന്‍ മണ്ണിലും നന്നായി ജീവവായു തേടും. അപൂര്‍വമായി മാത്രം പൂവിടുന്ന സഹസ്രദള പത്മം പിരായിരിയിലെ പൂന്തോട്ടത്തിലും വിരിഞ്ഞു. കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ നേരിട്ടല്ലാതെ നവമാധ്യമങ്ങളിലൂടെയാണ് നിരവധിയാളുകള്‍ വര്‍ണക്കാഴ്ച ആസ്വദിക്കുന്നത്.
ഉത്തരാഖണ്ഡിലെ താമരച്ചെടി മലപ്പുറം വഴിയാണ് പിരിയാരിയിലെത്തിയത്. പൂവിടാന്‍ സാധ്യത തീരെയില്ലെന്ന ആമുഖത്തോടെ കൈമാറി. എന്നാല്‍ രണ്ട് മാസത്തിനിപ്പുറം അഞ്ജലിയുടെ പരീക്ഷണവും പരിചരണവും ഫലം കണ്ടു. പതിനെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മുള വന്നു. പിന്നാലെ ഇതള്‍ ഓരോന്നായി വിരിഞ്ഞ് ആയിരത്തിലേക്കടുക്കുന്നു.
സഹസ്രദളപത്മം വിരിഞ്ഞതറിഞ്ഞ് നിരവധിപേരാണ് വിളിക്കുന്നത്. തണ്ട് വേണമെന്നാണ് പലരുടെയും ആവശ്യം. പത്തിനപ്പുറം നല്‍കുക അസാധ്യം. എങ്കിലും കോവിഡ് കാലത്ത് നേരിട്ടെത്തി കാഴ്ച ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്കായി ചിത്രങ്ങള്‍ കൈമാറുന്ന തിരക്കിലാണിവര്‍. ജലസസ്യങ്ങളുടെ വൈവിധ്യം. ഗപ്പി മല്‍സ്യങ്ങളുടെ വര്‍ണക്കാഴ്ച. ഇതെല്ലാം നിറയുന്ന പൂന്തോട്ടത്തിന് അഴകായി പത്മദളവും.
