അനൂപ് പറയുന്നത് പച്ചക്കള്ളം, അന്തസുണ്ടെങ്കില്‍ ടിക്കറ്റ് തിരികെ കൊടുക്കണം: കോടീശ്വരനെതിരെ നാട്ടുകാർ

തിരുവനന്തപുരം: കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 25 കോടി രൂപയുടെ ഇത്തവണത്തെ തിരുവോണം ബംബർ കിട്ടിയത് തിരുവനന്തപുരം സ്വദേശിയായ അനൂപിനായിരുന്നു. ലോട്ടറി അടിച്ചതോടെ വലിയ സന്തോഷത്തോടെയുള്ള അനൂപിന്റെയും കുടുംബത്തിന്റെയും മുഖമായിരുന്നു മാധ്യമങ്ങളില്‍ കണ്ടത്.

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞതോടെ സഹായം അഭ്യർത്ഥിച്ച് എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് വ്യക്തമാക്കി അനൂപ് തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാലിപ്പോഴിതാ മകളുടെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തതെന്ന അനൂപിന്റെ വാദങ്ങളെയടക്കം തള്ളിക്കൊണ്ട് ചില നാട്ടുകാർ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു നാട്ടുകാരുടെ പ്രതികരണം.

അത്ര സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബം ഒന്നുമല്ല അനൂപിന്റേത്. അവന്റെ അമ്മാവന്റെ അടുത്ത് പൈസ ഉണ്ട്. കുടുക്ക പൊട്ടിച്ചാണ് ലോട്ടറി വാങ്ങിയത് എന്ന് പറയുന്നതൊക്കെ കള്ളത്തരമാണ്. അത് മാധ്യമങ്ങളെ പറ്റിക്കാന്‍ പറയുന്നതാണ്. അവന്റെ കയ്യില്‍ നല്ല രീതിയില്‍ തന്നെ പൈസയുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇക്കാര്യം പറയുന്നതെന്നും നാട്ടുകാരും പറയുന്നു.

ലോട്ടറിയും മദ്യവും വില്‍ക്കുന്ന സർക്കാറിനെ കുറ്റം പറഞ്ഞവനാണ് അവന്‍. അത്തരത്തിലുള്ള ഒരാള്‍ക്കാണ് ബംബർ അടിച്ചത്. അത്രയ്ക്ക് അന്തസുണ്ടെങ്കില്‍ അവന്‍ ലോട്ടറി തിരിച്ചുകൊടുക്കട്ടെ. അതാണ് ചെയ്യേണ്ടത്. അല്ലാതെ സഹായം അഭ്യർത്ഥിക്കാനെത്തുന്നവരെ മോശക്കാരാക്കുകയല്ലെ വേണ്ടതെന്നും നാട്ടുകാർ പറയുന്നു.

ലോട്ടറി അടിക്കുന്നതിന് മുമ്പായിരുന്നു സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥയില്‍ സർക്കാറിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റ് അനൂപ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ബി ജെ പി അനുകൂലിയായ അനൂപ് പാല്‍ക്കുളങ്ങരയിലെ യുവമോർച്ച ഭാരവാഹിയാണ്. ലോട്ടറി അടിച്ചതിന് പിന്നാലെ അനൂപിനെ അഭിനന്ദിച്ചുകൊണ്ട് യുവമോർച്ച പാല്‍ക്കുളങ്ങളര കമ്മിറ്റി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

മദ്യവും ലോട്ടറിയും വിറ്റും ട്രാഫിക് ലംഘനത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിച്ചും ഒന്നും പിടിച്ചു നില്‍ക്കാനാകില്ല. കടം എടുപ്പ് തുടരുകയാണ്. ശമ്പളം കൊടുക്കാന്‍ പോലും പണം ഇല്ലാത്ത അവസ്ഥയില്‍ ആണ് നമ്മള്‍’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൂടാതെ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് എന്ന പട്ടികയും പ്രചരിക്കുന്ന കുറിപ്പിനൊപ്പം പങ്കുവെച്ചിരിന്നു. എന്നാല്‍ ലോട്ടറി അടിച്ചതിന് പിന്നാലെ ഈ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായി.

ലോട്ടറിയെ വിമര്‍ശിച്ച് ലോട്ടറി എടുത്ത് സമ്മാനം നേടിയല്ലോ എന്ന പരിഹാസം അന്ന് തന്നെ ചില ഇടത് പ്രൊഫൈലുകളില്‍ നിന്നും അനൂപിന് നേർക്കുണ്ടായിരുന്നു. അതേസമയം, ലോട്ടറി അടിച്ചതിന് പിന്നാലെ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വ്യക്തമാക്കി അനൂപും കുടുംബവും രംഗത്ത് എത്തിയിരുന്നു. ബന്ധുവീടുകളിലും വാടകവീടുകളിലുമായിട്ടാണ് ഇപ്പോഴത്തെ താമസം എന്നാണ് ഇവർ പറയുന്നത്.

ലോട്ടറി അടിച്ച അന്ന് മുതൽ ഓരോ ആവശ്യങ്ങളുമായി നിരവധി പേർ വിളിച്ച് തുടങ്ങി. ഇടതടവില്ലാതെ ഫോൺ അടിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ അങ്ങ് തൊട്ട് ഇങ്ങോളം ഉള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട്. ഫോണെടുത്താൻ അപ്പോൾ കരച്ചിലും ദുരിതം പറച്ചിലുമാണ്. രാവിലെ മുതല്‍ വീട്ടിലേക്ക് എത്തുന്നു. എത്രയാളോട് സമാധാനം പറയും. അതുകൊണ്ട് തന്നെ വീട്ടില്‍ നില്‍ക്കാന്‍ പറ്റുന്നില്ല. സമീപത്തെ വീടുകളിലടക്കം ആളുകള്‍ പോയി നില്‍ക്കുന്നത് അവർക്കും ബുദ്ധിമുട്ടാണ്. തന്റെ കൈയ്യിൽ പണം ഇതുവരെ കിട്ടിയിട്ടില്ലെന്ന് പറഞ്ഞിട്ട് പോലും ആളുകൾ അത് കേൾക്കാൻ തയ്യാറാകുന്നില്ലെന്നും അനൂപ് പറയുന്നു.

അനൂപ് പറയുന്നത് പച്ചക്കള്ളം, അന്തസുണ്ടെങ്കില്‍ ടിക്കറ്റ് തിരികെ കൊടുക്കണം: കോടീശ്വരനെതിരെ നാട്ടുകാർ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes