
കൊല്ലം ഏരൂരിൽ യുവാവിനെ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിമൂന്നു വയസുകാരനായ ബിനുവാണ് മരിച്ചത്. സഹോദരനുമായി അടിപിടി ഉണ്ടായതിന് പിന്നാലെയായിരുന്നു ബിനുവിന്റെ മരണം.
ഏരൂർ തെക്കേവയൽ സ്വദേശികളായ പൊടിയൻ -നിർമ്മല ദമ്പതികളുടെ മകൻ ബിനുവിനെയാണ് വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിനുവും ജേഷ്ഠൻ വിനോദും തമ്മിൽ കഴിഞ്ഞദിവസം വൈകിട്ട് അടിപിടിയുണ്ടായിരുന്നു. തന്നെ മർദിച്ച ജേഷ്ഠൻ വിനോദിനെതിരെ നടപടി ആവശ്യപ്പെട്ട് ബിനു ഏരൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിനുവിന്റെ മരണം. ഇവരുടെ വീട് നിർമാണത്തിന് വീടിനു മുറ്റത്ത് നിന്ന മരം മുറിച്ചതുമായുള്ള തർക്കമാണ് വിനോദും ബിനുവും തമ്മിൽ അടികൂടാൻ കാരണമായതെന്നാണ് വിവരം. സഹോദരങ്ങളായ ബിനുവും വിനോദും മദ്യപിച്ച് എത്തി നിസാരകാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഏരൂർ പൊലീസ് നടപടി പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
