
വിജയത്തിലേക്ക് കുറുക്കുവഴികൾ ഒന്നുമില്ലെന്ന് നമ്മൾ എപ്പോഴും പറയുന്ന കാര്യമാണ്. കഠിനധ്വാനത്തിലൂടേയും പരിശ്രമങ്ങളിലൂടേയും മാത്രമേ സ്വപ്നം കണ്ട ജീവിതത്തിലേക്ക് നമുക്ക് എത്തിച്ചേരാൻ കഴിയൂ. അമേരിക്കയിലെ യേൽ സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ വത്സൽ നഹാത എന്ന ഇന്ത്യൻ യുവാവ് ഇതിന് ഏറ്റവും അനുയോജ്യമായ ഉദാഹരണമാണ്.
23-കാരനായ വത്സൽ ലോകബാങ്കിൽ തന്റെ സ്വപ്നജോലി ലഭിക്കുന്നതിന് മുമ്പ് വിവിധ കമ്പനികളിലേക്ക് അയച്ചത് 600 ഇ മെയിലുകളും വിളിച്ചത് 80 ഫോൺ കോളുകളുമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്നിലാണ് വത്സൽ തന്റെ പരിശ്രമത്തെ കുറിച്ച് പറയുന്നത്. 15000-ൽ അധികം പേരാണ് ഈ കുറിപ്പ് ലൈക്ക് ചെയ്തത്.
2020-ൽ കോവിഡ് കാലത്ത് ബിരുദം പൂർത്തിയാക്കുന്ന വേളയിലാണ് ജോലി അന്വേഷിച്ചുള്ള യാത്ര വത്സൽ തുടങ്ങിയത്. ‘ഇന്ത്യയിലേക്ക് മടങ്ങുന്നത് ഒരു ഓപ്ഷൻ അല്ലെന്നും എന്റെ ആദ്യ ശമ്പളം ഡോളറിൽ ആയിരിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. ജോലി അപേക്ഷാ ഫോമുകളും ജോബ് പോർട്ടലുകളും ഞാൻ പൂർണമായും ഒഴിവാക്കി. കോഴ്സ് പൂർത്തിയാക്കാൻ രണ്ട് മാസം മാത്രം അവശേഷിക്കെ 1500-ൽ അധികം കണക്ഷൻ അഭ്യർഥനകളും 600 ഇ-മെയിലുകളും അയച്ചു. 80 കോളുകൾ ചെയ്തു. എന്നാൽ എല്ലാം നിരസിച്ചുള്ള മറുപടിയാണ് മിക്കയിടങ്ങളിൽ നിന്നും ലഭിച്ചത്.
എന്നാൽ ഞാൻ പരിശ്രമം അവസാനിപ്പിച്ചില്ല. ലക്ഷ്യത്തിലെത്താൻ നിരവധി വാതിലുകളിൽ മുട്ടി. മെയ് ആദ്യ വാരത്തോടെ നാല് ഇടങ്ങളിൽ നിന്ന് ജോലി വാഗ്ദ്ധാനം ലഭിച്ചു. ഇതിൽ നിന്ന് ലോകബാങ്കിലെ ജോലി തിരഞ്ഞെടുത്തു. എന്റെ പരിശീലനം പൂർത്തിയാക്കുമ്പോൾ വിസ സ്പോൺസർ ചെയ്യാനും അവർ തയ്യാറായി. ലോകബാങ്കിന്റെ ഡയറക്ടർ ഓഫ് റിസർച്ചുമായി ഒരു മെഷീൻ ലേണിങ് പേപ്പറിന്റെ കോ-ഓർതർഷിപും ലഭിച്ചു.’ ലിങ്ക്ഡ് ഇന്നിൽ വത്സൽ പങ്കുവെയ്ക്കുന്നു.
ഡൽഹി ശ്രീ റാം കോളേജ് ഓഫ് കൊമേഴ്സിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് വത്സൽ യേൽ സർവകലാശാലയിൽ പഠിക്കാനെത്തിയത്. സ്വപ്നം ഒരിക്കലും ഉപേക്ഷിക്കാതിരിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ഇങ്ങനെയൊരു കുറിപ്പ് പങ്കുവെച്ചതെന്നും വത്സൽ പറയുന്നു.
