
മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാരെ, മികച്ച ജോലി വാഗ്ദാനം ചെയ്ത് തായ്‌ലൻഡിലേക്ക് കൊണ്ടുപോകുന്നു, അവിടെനിന്ന് മ്യാൻമറിലേക്കും. അവിടെ പക്ഷേ അവരെ കാത്തിരുന്നത് അടിമപ്പണിയാണ്. അതും കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തള്ളിവിട്ടുകൊണ്ട്…! ഇന്ത്യക്കാരെ തടവിലാക്കി കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നതിന്റെ വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇത്തരത്തിൽ കുടുങ്ങിപ്പോയവരിൽ 32 പേരെ കേന്ദ്ര സർക്കാർ ഇടപെട്ട് രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ളവരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മ്യാൻമറിൽ പെട്ടുപോയവരിലെ ആലപ്പുഴ സ്വദേശിയുടെ കുടുംബം സംസ്ഥാന സർക്കാരിനും പരാതി നൽകിയിരിക്കുകയാണ്. ഇത്തരം ജോലിവാഗ്ദാനങ്ങളിൽപ്പെട്ട് ചതിക്കുഴിയിൽപ്പെട്ടരുതെന്നും കേന്ദ്രം നിർദേശിച്ചിരിക്കുന്നു. എന്നാൽ പുറത്തു വരുന്ന വിവരം, ഇത്തരത്തിൽ വഞ്ചിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തത് ഇന്ത്യക്കാർ മാത്രമല്ല എന്നാണ്. മലേഷ്യയിൽനിന്നുള്ള നൂറുകണക്കിന് ആളുകളും ഇത്തരത്തിൽ തടവിലാക്കപ്പെട്ടു. അവരെയും മോചിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരെ കൊണ്ടുപോയത് മ്യാൻമറിലേക്കാണെങ്കിൽ മലേഷ്യക്കാരെ എത്തിച്ചത് അയൽരാജ്യമായ കംബോഡിയയിലാണ്. മ്യാൻമർ, കംബോഡിയ, ലാവോസ്, തായ്‍ലൻഡ് എന്നിവിടങ്ങളിലെല്ലാം ഈ തട്ടിപ്പുകൾ നടക്കുന്നു. ഇത്തരത്തിൽ ‘അടിമ ജോലി’ ചെയ്യിക്കുന്ന വാർത്തകൾ പ്രചരിക്കപ്പെട്ടതോടെ ഇന്ത്യക്കാരടക്കമുള്ളവരെ നിലവിലെ കേന്ദ്രത്തിൽനിന്ന് കുറ്റവാളികൾ മാറ്റിയതായ വാർത്തകളും പുറത്തുവന്നിരുന്നു. മലയാളികൾ അടക്കം കുടുങ്ങിയിരിക്കുന്നത് മ്യാൻമറിലാണെങ്കിലും അവിടുത്തെ സർക്കാർ എന്തുകൊണ്ടാണ് ഇടപെടാത്തത്?
