ആവേശാരവം തീർത്ത് രാഹുൽ തേക്കിൻ നാട്ടിൽ; ജാഥക്ക് ഇന്ന് കേരളത്തിൽ സമാപനം

മലപ്പുറം: വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ രാജ്യം ഒന്നാകാൻ ചുവടുകളുമായി എത്തിയ രാഹുൽ ഗാന്ധിക്ക് പിറകിൽ ആവേശാരവങ്ങൾ തീർത്ത് പുഴ പോലെ ഒഴുകിയെത്തി പ്രവർത്തകർ. ഭാരത് ജോഡോ യാത്രക്ക് മലപ്പുറം ജില്ലയിൽ രണ്ടാംദിനവും പ്രൗഢഗംഭീര സ്വീകരണങ്ങളായിരുന്നു. ചൊവ്വാഴ്ച രാത്രി ജാഥ സമാപിച്ച പാണ്ടിക്കാട്ട് നിന്നാണ് ബുധനാഴ്ച രാവിലെ പുനരാരംഭിച്ചത്. കൃത്യം 6.30ന് തന്നെ ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ സ്കൂൾ പടിയിൽ നിന്ന് യാത്ര തുടങ്ങി. രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് മണ്ഡലമായ വയനാട് മണ്ഡലത്തിലേക്ക് ജാഥ പ്രവേശിച്ചതും ബുധനാഴ്ചയാണ്. മണ്ഡല അതിർത്തിയിൽ 7.15ഓടെ എത്തിയ യാത്രക്ക് അതിഗംഭീര സ്വീകരണമാണ് ഒരുക്കിയത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയും ഇതിനിടെ പദയാത്രയിൽ അണിചേർന്നു. റോഡിന്‍റെ ഇരുവശങ്ങളിലുമായി ഒന്ന് കൈകൊടുക്കാനും ഫോട്ടോ എടുക്കാനും ഒരുമിച്ച് യാത്ര ചെയ്യാനുമായി കാത്ത് നിന്നവരെ എല്ലാം ചേർത്ത് പിടിച്ചായിരുന്നു യാത്ര മുന്നോട്ട് പോയത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, രമേശ് ചെന്നിത്തല, എം.പിമാരായ കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ജെബി മേത്തർ, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, അൻവർ സാദത്ത്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ, കോൺഗ്രസ് വക്താവ് പവൻ ഖേര, അഡ്വ. ദീപിക സിങ് രെജാവത്ത് തുടങ്ങിയവർ അണിചേർന്നു. രാത്രിയോടെയാണ് തേക്കുകളുടെ നാടായ നിലമ്പൂരിൽ സമാപനസ്ഥലത്ത് എത്തിയത്.

മലപ്പുറം: കോൺഗ്രസിന് പുതു ആവേശവും ഊർജവും സമ്മാനിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച ഇന്ന് കേരള പര്യടനം പൂർത്തിയാക്കും. യാത്രയുടെ തുടക്കംമുതൽ സംസ്ഥാനത്ത് സി.പി.എം ഉയർത്തിയ വിമർശനങ്ങൾക്ക് യാത്രയിൽ അണിചേർന്ന ആയിരക്കണക്കിനു പേരെ ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നൽകിയ മറുപടിയോടെയാണ് സമാപനം. സംഘ്പരിവാറിനെതിരെ സംസാരിക്കുന്നില്ലെന്നതാണ് സി.പി.എം ഉയർത്തിയ പ്രധാന ആരോപണം. വെറുപ്പിന്‍റെയും വർഗീയതയുടെയും സംഘ്പരിവാർ രാഷ്ട്രീയത്തെ തുറന്നുകാണിച്ചും രാജ്യത്തെ ഒന്നിപ്പിക്കാൻ ആഹ്വാനം ചെയ്തുമാണ് യാത്ര മുന്നോട്ടു പോകുന്നതെന്നാണ് ഇതിന് കോൺഗ്രസ് മറുപടി നൽകിയത്.

മലപ്പുറം ജില്ലയിലെ ആദ്യദിന സമാപനത്തിലും ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെയായിരുന്നു രാഹുൽ നടത്തിയ പ്രസംഗം. ഇക്കാര്യവും കോൺഗ്രസ് ഉയർത്തിക്കാണിക്കുന്നു. വ്യാഴാഴ്ച രാവിലെ 11ന് ആറ് കിലോമീറ്ററാണ് പദയാത്ര. വഴിക്കടവിൽ അവസാനിക്കുന്ന യാത്ര വൈകീട്ട് തമിഴ്നാട് അതിർത്തിയായ ഗൂഡല്ലൂരിലാണ് പുനരാരംഭിക്കുക. അടുത്ത ദിവസം കർണാടകയിൽ പ്രവേശിക്കുന്ന ജാഥ ഇനിയുള്ള ദിവസങ്ങളിൽ അവിടെയാണ്. കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ജാഥ സെപ്റ്റംബർ 11നാണ് കേരള അതിർത്തിയായ പാറശ്ശാലയിൽ പ്രവേശിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 18 ദിവസത്തിനിടെ നാനൂറോളം കിലോമീറ്ററാണ് രാഹുൽ ഗാന്ധിയും സംഘവും നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.പിമാരായ കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ എം.എൽ.എ തുടങ്ങിയവർ കേരളത്തിലെ യാത്രയുടെ തുടക്കം മുതൽ രാഹുലിനൊപ്പമുണ്ടായിരുന്നു. ജാഥ 30ന് കർണാടകയിലേക്കും തുടർന്ന് മഹാരാഷ്ട്രയിലേക്കും പ്രവേശിക്കും.

ആവേശാരവം തീർത്ത് രാഹുൽ തേക്കിൻ നാട്ടിൽ; ജാഥക്ക് ഇന്ന് കേരളത്തിൽ സമാപനം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes